തിരുവനന്തപുരം : ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിയെയും കേന്ദ്രസർക്കാരിനേയും രൂക്ഷ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബജ്‌റംഗ്ദൾ പ്രവർത്തകർ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ലക്ഷ്യം വെച്ചുള്ള പീഡനമാണ്. ക്രൈസ്തവ സമൂഹത്തിനെതിരായ സംഘപരിവാർ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണിതെന്നും
അദ്ദേഹം പറഞ്ഞു.
:
ഈ സംഭവം “സംഘപരിവാറിന്റെ യഥാർത്ഥ സ്വഭാവം” തുറന്നുകാട്ടിയെന്നും മതപരിവർത്തനവും മനുഷ്യക്കടത്തും തടയുന്നതിന്റെ മറവിൽ അവർ ക്രിസ്ത്യൻ സമൂഹത്തെ നിരന്തരം ആക്രമിക്കുകയാണെന്നും പിന്നറായി വിജയൻ ആരോപിച്ചു. “ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാർദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടർ തന്നെയാണ് മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നത്.” – അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ നിർവ്വചിക്കുന്ന ബഹുസ്വരതയെയും സഹവർത്തിത്വത്തെയും സംഘപരിവാർ ഭയപ്പെടുന്നുവെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ മതേതരത്വത്തെ ദുർബലപ്പെടുത്തുന്നതിനും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വലിയ അജണ്ടയുടെ ഭാഗമാണെന്നും അതിനെ എതിർത്തു തോൽപ്പിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
