തിരുവനന്തപുരം : സിപിഐയുടെ എതിര്‍പ്പ് പരിഗണിക്കാതെ പിഎംശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നം ചര്‍ച്ചചെയ്യാന്‍ സിപിഐ വെള്ളിയാഴ്ച അടിയന്തര സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. ഇതിനു ശേഷം പ്രതികരണം അറിയിക്കാമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്.
പദ്ധതി നടപ്പാക്കുന്നതിനെതിരെ ആദ്യം മുതലെ മന്ത്രിസഭാ യോഗത്തില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയതാണ് സിപിഐ. പിന്നീട് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചപോലും ചെയ്യാതെയാണ് വിദ്യാഭ്യാസ വകുപ്പ് ഇതിന് തുനിഞ്ഞത്. നീക്കം തിരിച്ചറിഞ്ഞ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ അജണ്ട ഇല്ലാതിരുന്നിട്ടും മന്ത്രി കെ.രാജന്‍ ഇത് ഉന്നയിക്കുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു.
