‘
ന്യൂഡൽഹി : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ഒത്തുകളിച്ച് തെരഞ്ഞെടുപ്പ് കൃത്രിമത്വം നടത്തിയെന്ന ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് ശശി തരൂർ. ഭരണകക്ഷിക്ക് വീണ്ടും വിജയം സൃഷ്ടിക്കുന്നതിനായി ബിജെപിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിന്റെ ആധികാരിക തെളിവുകൾ ഇന്നലെ രാഹുൽ ഗാന്ധി അവതരിപ്പിച്ചതിന് പിന്നാലെയാണ് തരൂർ പിന്തുണയുമായി രംഗത്തെത്തിയത്. കോൺഗ്രസ് ഹൈക്കമാൻഡുമായി കുറച്ച് കാലമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു ശശി തരൂർ എന്നത് പ്രത്യേകം ശ്രദ്ധേയം.
“എല്ലാ പാർട്ടികളുടെയും എല്ലാ വോട്ടർമാരുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ഗൗരവമായി പരിഹരിക്കേണ്ട ചോദ്യങ്ങളാണിത്. കഴിവില്ലായ്മ, അശ്രദ്ധ അല്ലെങ്കിൽ അതിലും മോശമായ, മനഃപൂർവമായ കൃത്രിമത്വം എന്നിവയാൽ അതിന്റെ വിശ്വാസ്യത നശിപ്പിക്കപ്പെടാൻ അനുവദിക്കാത്തത്ര വിലപ്പെട്ടതാണ് നമ്മുടെ ജനാധിപത്യം.” – എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് തരൂരിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്നും രാജ്യത്തെ അറിയിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
