തൃശൂർ : പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടി. കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ ഒമ്പത് വരെ പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ടോള്‍ പ്ലാസ തുറക്കുമ്പോള്‍ പുതിയ നിരക്കായിരിക്കും ഈടാക്കുക. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍പിരിവ് തടഞ്ഞത്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ടോള്‍ വര്‍ദ്ധന.
പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുക. ഈ വര്‍ഷത്തെ പുതുക്കിയ നിരക്കനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചുരൂപ മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചത്. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാന്‍ ഇനി 95 രൂപയാകും, നേരത്തെ 90 രൂപയായിരുന്നു. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപ എന്നതില്‍ മാറ്റമില്ല.
ചെറുകിട വാണിജ്യ വാഹനങ്ങള്‍ – 165, ഒന്നില്‍ കൂടൂതല്‍ യാത്രകള്‍ക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 495. മള്‍ട്ടി ആക്സിൽ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 795.
പുതിയ അടിപ്പാതകളുടെ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങൾക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനം ഒരുക്കിയിരുന്നില്ല. ഇത് സര്‍വ്വീസ് റോഡുകളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് കാരണമായിരുന്നു.
പിന്നാലെയാണ് ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്.