[ Photo Courtesy : Viet Nam News /X ]
വിയറ്റ്നാമിലെ ഹാലോങ് ഉൾക്കടലിൽ കൊടുങ്കാറ്റിൽപ്പെട്ട് ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ (0700 GMT) യാണ് സംഭവം. ദക്ഷിണ ചൈനാ കടലിനു കുറുകെ, 48 വിനോദസഞ്ചാരികളും 5 ജീവനക്കാരുമായി സഞ്ചരിക്കവെയാണ് ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റിൽ ബോട്ടിന് അത്യാഹിതം സംഭവിച്ചത്.
വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും തലസ്ഥാനമായ ഹനോയിയിൽ നിന്നുള്ളവരാണെന്ന് പ്രാദേശിക പത്രമായ വിഎൻഎക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അടിയന്തര രക്ഷാ സംഘങ്ങൾ യാത്രക്കാർക്കായി തിരച്ചിൽ തുടരുന്നതിനാൽ വിനോദസഞ്ചാരികളുടെ ദേശീയതയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇതുവരെ രക്ഷാപ്രവർത്തകർ 12 പേരെ രക്ഷപ്പെടുത്തി. എട്ട് കുട്ടികളടക്കം 34 മൃതദേഹങ്ങൾ കണ്ടെടുത്തതായി വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹനോയിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഹാലോങ് ഉൾക്കടൽ വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. നിരവധി സന്ദർശകരാണ് ബോട് ടൂറുകൾക്കായി ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്. ഈ വർഷം ദക്ഷിണ ചൈനാ കടലിൽ ആഞ്ഞടിക്കുന്ന മൂന്നാമത്തെ ചുഴലിക്കാറ്റായ വിഫ കൊടുങ്കാറ്റ് അടുത്ത ആഴ്ച ആദ്യം വിയറ്റ്നാമിന്റെ വടക്കൻ തീരത്ത് കരയിലേക്ക് എത്തുമെന്ന് പ്രവചിക്കപ്പെടുന്നു.
വിഫ കൊടുങ്കാറ്റ് വിമാന യാത്രയെയും തടസ്സപ്പെടുത്തിയിട്ടുണ്ട്. നോയ് ബായ് വിമാനത്താവളത്തിൽ എത്തിച്ചേരേണ്ട ഒമ്പത് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. പുറപ്പെടുന്ന മൂന്ന് വിമാനങ്ങൾ ശനിയാഴ്ച താൽക്കാലികമായി നിർത്തിവച്ചതായും വിമാനത്താവളം അറിയിച്ചു.