[പ്രതീകാത്മക ചിത്രം]
ബസ്തി : ട്രെയിൻ രണ്ട് മണിക്കൂറിലധികം വൈകിയതിനാൽ പ്രവേശന പരീക്ഷയെഴുതാൻ കഴിയാതെപോയ വിദ്യാർത്ഥിക്ക് നഷ്ടപരിഹാരം അനുവദിച്ച് റെയിൽവെ. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ വിദ്യാർത്ഥിനിക്കാണ് 9.10 ലക്ഷം രൂപ റെയിവെ നഷ്ടപരിഹാരമായി നൽകിയത്. 2018- ലാണ് സംഭവം നടന്നത്. ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ എത്താൻ വൈകിയതിനാൽ ബിഎസ്‌സി ബയോടെക്‌നോളജി പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്തതിനെ തുടർന്ന് സമൃദ്ധി എന്ന വിദ്യാർത്ഥി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിയ്ക്കുകയായിരുന്നു. ഏഴ് വർഷത്തിലേറെ നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ് കമ്മീഷൻ്റെ വിധി വന്നത്. വീഴ്ചയ്ക്ക് റെയിൽവേ ഉത്തരവാദിയാണെന്ന് കണ്ടെത്തി.
ലഖ്‌നൗവിലെ ജയ് നാരായൺ പിജി കോളേജായിരുന്നു സമൃദ്ധിയുടെ പ്രവേശന പരീക്ഷാകേന്ദ്രം. രാവിലെ 11 മണിക്ക് ലഖ്‌നൗവിൽ എത്തേണ്ടിയിരുന്ന ബസ്തിയിൽ നിന്നുള്ള ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ ബുക്ക് ചെയ്തു. എന്നാൽ, ട്രെയിൻ ഏതാണ്ട് രണ്ടര മണിക്കൂർ വൈകിയാണ് എത്തിയത്. പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 12.30 ന് മുമ്പ് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നതിനാൽ സമൃദ്ധിക്ക് പരീക്ഷ എഴുതാൻ അവസരം ലഭിച്ചില്ല.
പരീക്ഷയെതാനുള്ള അവസരം നഷ്ടപ്പെട്ട സമൃദ്ധി അഭിഭാഷകൻ മുഖേന 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. കമ്മീഷൻ റെയിൽവേ മന്ത്രാലയത്തിനും ജനറൽ മാനേജർക്കും സ്റ്റേഷൻ സൂപ്രണ്ടിനും നോട്ടീസ് അയച്ചെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. കാലതാമസം റെയിൽവെ അംഗീകരിച്ചെങ്കിലും അതിന് വ്യക്തമായ വിശദീകരണം നൽകാൻ അവർക്ക് കഴിഞ്ഞില്ല. തുടർന്ന്, ഇരുവിഭാഗത്തിന്റെയും വാദം കേട്ട ജില്ലാ ഉപഭോക്തൃ കമ്മീഷൻ റെയിൽവെ സമയബന്ധിതമായി സേവനം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് വിധിച്ചു. 45 ദിവസത്തിനുള്ളിൽ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ കൂടി നൽകണമെന്നുമായിരുന്നു കമ്മീഷൻ റെയിൽവേയോട് നിർദ്ദേശിച്ചത്.
