വാഷിംഗ്ടൺ : ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ഈ വർഷാവസാനം നടക്കുന്ന ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യാ സന്ദർശനം റദ്ദാക്കിയത് സംബന്ധിച്ച് യുഎസ് – ഇന്ത്യൻ സർക്കാരുകളിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും തന്നെ ലഭിച്ചിട്ടില്ലെങ്കിലും ക്വാഡ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റിന് ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയില്ലെന്ന് ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.
ട്രംപിന്റെ ഈ വർഷത്തെ വിദേശപര്യടന പദ്ധതിയിൽ ഇന്ത്യയില്ലെന്ന് വൈറ്റ് ഹൗസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. വർഷാവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ് നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അദ്ദേഹം ആ പദ്ധതി റദ്ദാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
താരീഫ് വിഷയത്തിൽ ഇന്ത്യ–യുഎസ് ബന്ധം മോശമായ സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയതെന്നാണ് സൂചന. വ്യാപാര സംഘർഷങ്ങൾക്കിടയിൽ ട്രംപും മോദിയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. അതിനു മുൻപു തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നാല് ദിവസത്തെ സൈനിക സംഘർഷം പരിഹരിക്കാൻ താൻ സഹായിച്ചതായി ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. ഇന്ത്യക്ക് ഈ അവകാശവാദങ്ങളെ നിരന്തരം നിരാകരിക്കേണ്ട സാഹചര്യവും ഉണ്ടാക്കി തീർത്തിരുന്നു.
ഓസ്ട്രേലിയ, യുഎസ്, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സുരക്ഷാ കൂട്ടായ്മയായ ക്വാഡിന്റെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം ജനുവരിയിൽ ട്രംപ് അധികാരമേറ്റതിന് പിന്നാലെ യുഎസിലാണ് നടന്നത്.