വാഷിങ്ടൺ : റഷ്യയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ രണ്ട് ആണവ അന്തർവാഹിനികൾ സ്ഥാപിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ ഭീഷണികൾക്ക് മറുപടിയായാണ് പുതിയ നീക്കം. വെളളിയാഴ്ച ട്രൂത്ത് സോഷ്യലിൽ ട്രംപിൻ്റേതായി വന്ന പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഈ മണ്ടത്തരവും പ്രകോപനപരവുമായ പ്രസ്താവനകൾ അതിൽ കൂടുതലാണെങ്കിൽ, ഉചിതമായ പ്രദേശങ്ങളിൽ രണ്ട് ആണവ അന്തർവാഹിനികൾ സ്ഥാപിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്,” ട്രംപിൻ്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റ് ഇങ്ങനെ.
റഷ്യയുടെ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനായി നിലവിൽ സേവനമനുഷ്ഠിക്കുന്ന മെദ്‌വദേവ്, ‘ഡെഡ് ഹാൻഡ്’ എന്ന മുൻ ആശയം വീണ്ടും ഉപയോഗിച്ചതാണ് ട്രംപിനെ പ്രകോപിതനാക്കിയത്. – ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത ഒരു രഹസ്യ ഓട്ടോമാറ്റിക് അല്ലെങ്കിൽ സെമി ഓട്ടോമാറ്റിക് ആണവായുധ നിയന്ത്രണ സംവിധാനമാണ് റഷ്യയുടെ ഡെഡ് ഹാൻഡ് സിസ്റ്റം. ഒരു ആണവ ആക്രമണം കണ്ടെത്തിയാൽ, കമാൻഡിംഗ് ഘടകങ്ങൾ പൂർണ്ണമായും നശിച്ചാലും, മുൻകൂർ നൽകിയ അധികാര ഉത്തരവ് പ്രകാരം ബാലിസ്റ്റിക് മിസൈലുകളുടെ (ICBMs) വിക്ഷേപണം നടത്താൻ ഡെഡ് ഹാൻഡ് സംവിധാനത്തിന് കഴിയുമെന്നതാണ് പ്രത്യേകത
റഷ്യയിൽ നിന്ന് ഊർജ്ജം വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ട്രംപിൻ്റെ പകവീട്ടൽ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മെദ്‌വദേവ് തന്റെ ടെലിഗ്രാം ചാനലിൽ എഴുതിയ കുറിപ്പാണ് പുതിയ സംഭവവികാസങ്ങൾ സൃഷ്ടിച്ചത് – “ഇന്ത്യയുടെയും റഷ്യയുടെയും ‘നിർജ്ജീവമായ സമ്പദ്‌വ്യവസ്ഥകളെ’ക്കുറിച്ചും ‘അപകടകരമായ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചും’ സംസാരിക്കുമ്പോൾ – ഒരുപക്ഷേ അദ്ദേഹം ‘നടക്കുന്ന മരിച്ചവരെ’ക്കുറിച്ചുള്ള തന്റെ പ്രിയപ്പെട്ട സിനിമകൾ ഓർമ്മിക്കണം. കൂടാതെ നിലവിലില്ലാത്ത ‘ഡെഡ് ഹാൻഡ്’ എത്രത്തോളം അപകടകരമാണെന്ന് ഓർമ്മിക്കണം,” മെദ്‌വദേവ് ടെലിഗ്രാമിൽ പങ്കുവെച്ചു. ഉക്രെയ്നുമായുള്ള വെടിനിർത്തൽ സമയപരിധി അംഗീകരിക്കാൻ റഷ്യക്ക് നൽകിയ സമയപരിധി 50 ദിവസത്തിൽ നിന്ന് 12 ദിവസമായി കുറച്ചെന്നും പാലിച്ചില്ലെങ്കിൽ “ദ്വിതീയ താരിഫ്” ഏർപ്പെടുത്തുമെന്നുമുള്ള ട്രംപിൻ്റെ ഭീഷണിക്കുമുള്ള മെദ്‌വദേവിൻ്റെ
മറുപടികൂടിയാണ് തൻ്റെ ടെലിഗ്രാമിൽ പങ്കുവെച്ച സന്ദേശം.
