പുരികം കൂർപ്പിച്ച് ആശ്ചര്യത്തോടെ ഇത് എവിടെയാണെന്നല്ലേ ചോദ്യം, പറയാം – ഇവിടെ അടുത്തെങ്ങുമല്ല, കുറച്ച് ദൂരെ ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് ഇത്തരത്തിലൊരു അപൂർവ്വ വിവാഹം അരങ്ങേറിയത്. നമ്മുടെ രാജ്യത്ത് നിയമപരമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും ഷില്ലായ് ഗ്രാമത്തിലെ ഹട്ടി ഗോത്രവർഗ്ഗക്കാർക്കിടയിൽ ഇപ്പോഴും ഇങ്ങനെയൊരു ആചാരം നിലനിൽക്കുന്നു എന്നത് കൗതുകം. ഒരു സ്ത്രീ സഹോദരന്മാരായ രണ്ട് പുരുഷന്മാരെ വിവാഹം കഴിക്കുന്ന പുരാതനമായ പോളിയാൻഡ്രി പാരമ്പര്യം!
ഷില്ലായ് ഗ്രാമത്തിലെ ഹട്ടി ഗോത്രത്തിൽ നിന്നുള്ള സഹോദരന്മാരായ പ്രദീപ് നേഗിയും കപിൽ നേഗിയുമാണ് കുൻഹട്ട് ഗ്രാമത്തിലെ സുനിത ചൗഹാനെ പോളിയാൻഡ്രി പാരമ്പര്യ രീതിയനുസരിച്ച് വിവാഹം ചെയ്തത്. ട്രാൻസ്-ഗിരി പ്രദേശത്ത് ജൂലൈ 12 മുതൽ 14 വരെ നീണ്ടുനിന്ന വിവാഹ ചടങ്ങിന് നൂറുകണക്കിന് ആളുകളാണ് സാക്ഷ്യം വഹിച്ചത്.

പ്രദീപ് ഒരു സർക്കാർ വകുപ്പിൽ ജോലി ചെയ്യുകയാണ്. ഇളയ സഹോദരനായ കപിലിന് വിദേശത്താണ് ജോലി. യാതൊരു സമ്മർദ്ദവുമില്ലാതെയും കുടുംബങ്ങളുടെ സമ്മതത്തോടെയുമാണ് തങ്ങൾ തീരുമാനമെടുത്തതെന്ന് സഹോദരന്മാർ പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബഹുഭർതൃ വിവാഹം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്കാണ് വഴിമരുന്നിട്ടത്. രാജ്യത്തെ നിയമങ്ങളെ മറികടന്നുള്ള പോളിയാൻഡ്രി ആചാരം
ഹിമാചൽ ഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളത് ആശ്ചര്യം.
ഹിമാചൽ പ്രദേശിലെ സിർമൗർ, കിന്നൗർ, ലാഹൗൾ-സ്പിതി ജില്ലകളിലും അയൽരാജ്യമായ ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങളിലും ഈ ആചാരം സജീവമാണ്. ഹട്ടികളെ സംബന്ധിച്ചിടത്തോളം, ബഹുഭർതൃത്വം അവരുടെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു ഭാഗമായിട്ടാണ് കൊണ്ടുനടക്കുന്നത്. അടുത്തിടെ പട്ടികവർഗ്ഗ പദവി ലഭിച്ചെങ്കിലും ആധുനിക മൂല്യങ്ങളിലേക്കും പുതു ജീവിതശൈലിയിലേക്കും മാറാൻ മടിക്കുന്ന ഹട്ടികൾ പുതിയ കാലഘട്ടത്തിൽ ഉയർത്തുന്ന വെല്ലുവിളികൾ വലുതാണ്. എങ്കിലും പ്രതീക്ഷ വറ്റിയിട്ടില്ലെന്ന് ഹട്ടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കുന്ദൻ സിംഗ് ശാസ്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത് – കൂടുതൽ ഗ്രാമീണർ വിദ്യാസമ്പന്നരായി ജോലിക്കായി നഗരങ്ങളിലേക്ക് ചേക്കേറുന്നതോടെ ‘ജോഡിധരൻ’ പതുക്കെ മരിക്കുമെന്ന് ശാസ്ത്രി വിശ്വസിക്കുന്നു.
ഗോത്ര സമൂഹങ്ങളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ഇന്ത്യൻ നിയമങ്ങളിൽ വ്യവസ്ഥകളുണ്ടെന്നാണ് പറയപ്പെടുന്നത്. സിർമൗർ ജില്ലയിൽ അടുത്തിടെ നടന്ന ബഹുഭർതൃ വിവാഹത്തെക്കുറിച്ച് നടന്ന ഒരു പരിപാടിയിൽ അഭിഭാഷകനായ റാൻസിംഗ് ചൗഹാൻ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി ഈ രീതി ഈ പ്രദേശത്ത് നിലവിലുണ്ടെന്നും ‘ജോഡിദാർ നിയമ’ത്തിന് കീഴിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ഇത് നിയമപരമായി അംഗീകരിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. “നൂറുകണക്കിന് വിവാഹങ്ങൾ ബഹുഭർതൃത്വത്തിലൂടെയും മറ്റ് പുരാതന പാരമ്പര്യങ്ങളിലൂടെയും നടക്കുന്നു. മാധ്യമങ്ങൾ ഷില്ലായിയിലെ വിവാഹത്തെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നു. എന്നാൽ, ഒരു പതിവ് പ്രതിഭാസമായതിനാൽ ഇവിടുത്തുകാർക്ക് ഇതിൽ ഒരു പുതുമയും കാണാനായില്ല. ” കുടുംബങ്ങൾ ഐക്യത്തോടെ തുടരുന്നതിനും സ്വത്ത് പരസ്പരം വിഭജിക്കപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് ഈ രീതി നടപ്പിലാക്കുന്നത് എന്നാണ് ഇവരുടെ വാദം.