ഉക്രെയ്ൻ സമാധാന കരാർ അംഗീകരിച്ച് 12 ദിവസം കൊണ്ട് റഷ്യ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ ഉപരോധ മുന്നറിയിപ്പുമായി വീണ്ടും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മുൻപ്
നിശ്ചയിച്ചിരുന്ന 50 ദിവസത്തെ സമയപരിധി വെട്ടിക്കുറച്ചുകൊണ്ടാണ് വ്‌ളാഡിമിർ പുടിന് യുഎസ് പ്രസിഡൻ്റിൻ്റെ ഇനി കാത്തിരിക്കില്ലെന്ന താക്കീത്.
ഉക്രെയ്ൻ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിൽ പുടിനോടുള്ള നിരാശ അറിയിച്ച ട്രംപ്, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാവുന്നിടത്തോളം കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞു.
സ്കോട്ട്ലൻഡിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനൊപ്പം സംസാരിച്ച ട്രംപിൻ്റെ വാക്കുകൾ ഇങ്ങനെ – “പ്രസിഡന്റ് പുടിനിൽ ഞാൻ നിരാശനാണ്. ഞാൻ അദ്ദേഹത്തിന് നൽകിയ 50 ദിവസങ്ങൾ കുറച്ചുകൊണ്ടുവരാൻ പോകുന്നു, കാരണം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയാമെന്ന് ഞാൻ കരുതുന്നു” –
റഷ്യയ്‌ക്കെതിരായ ദ്വിതീയ തീരുവകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ട്രംപ് ആവർത്തിച്ചു, ഇന്ന് രാത്രി തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നും അറിയുന്നു. നിലവിലെ സാഹചര്യത്തെക്കുറിച്ച് പുടിനുമായി ഇനി സംസാരിക്കാൻ തനിക്ക് അത്ര താൽപ്പര്യമില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഉക്രെയ്‌നിലെ യുദ്ധം പുടിൻ കൈകാര്യം ചെയ്തതിൽ ട്രംപ് കൂടുതൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കിടയിൽ ഉക്രെയ്‌നിന് ആയുധം നൽകാനുള്ള അമേരിക്കൻ നീക്കം പുടിനെയും നീരസപ്പെടുത്തിയിട്ടുണ്ടെന്നതും യാഥാർത്ഥ്യം.
റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഉക്രെയ്‌നിനെ പിന്തുണയ്ക്കാൻ നാറ്റോയ്ക്ക് അമേരിക്ക അയയ്ക്കുന്ന ആയുധങ്ങളിൽ പാട്രിയറ്റ് മിസൈൽ സംവിധാനങ്ങളും ബാറ്ററികളും ഉൾപ്പെടുമെന്നും ട്രംപ് പറഞ്ഞിരുന്നു.
