കോഴിക്കോട് : സിപിഎമ്മിനും ബിജെപിയ്ക്കും
മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം ഞെട്ടുന്ന വാർത്ത അധികം താമസമില്ലാതെ പുറത്തു വരുമെന്നും അതിനായി കാത്തിരിക്കാനും വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
“എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്. സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും, വരുന്നുണ്ട്, നോക്കിക്കോ… അതിനു വലിയ താമസം വേണ്ട. ഞാൻ പറഞ്ഞത് വൈകാറില്ല.” – വി.ഡി. സതീശൻ താക്കീത് നൽകി. തെരഞ്ഞെടുപ്പിനു മുൻപ് പുറത്തുവരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ അത്രയും ദിവസം ഒരു കാര്യം പറയാതെ പോകാൻ കഴിയുമോ എന്നായിരുന്നു വി ഡി സതീശൻ്റെ മറുപടി.
“കാളയുമായാണ് ബിജെപി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയത്. ആ കാളയെ കളയരുത്. ബിജെപി ഓഫിസിനു മുന്നിൽ കെട്ടിയിടണം. ആ കാളയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി ബിജെപിക്കാർക്ക് ഉടനെയുണ്ടാകും. അതിനായി കാത്തിരിക്കൂ.”- വി ഡി സതീശൻ പറഞ്ഞു. ആര്യനാട് പഞ്ചായത്തിലെ വാർഡ് മെമ്പർ എസ്.ശ്രീജയുടെ ആത്മഹത്യയിൽ സിപിഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.