തിരുവനന്തപുരം : വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിളപ്പിൽ ശാല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഗേറ്റ് തുറന്നില്ല എന്നാണ് ആദ്യം വന്ന വാർത്ത. രണ്ട് മിനിട്ടിൽ രോഗിയെ അകത്ത് കൊണ്ടുപോയി. സാദ്ധ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ നൽകിയെന്ന് വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ നിഷേധമെന്ന അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
പരാതി കിട്ടിയ ഉടനെ അന്വേഷിക്കാൻ നിർദ്ദേശിച്ചെന്നും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമിക റിപ്പോർട്ടിലെ കാര്യങ്ങളാണ് താൻ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത വരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകരെ നിരന്തരമായി അക്രമിക്കാൻ അവസരം ഒരുക്കരുതെന്നും ഇങ്ങനെയുള്ള പ്രചാരണം അവരുടെ മനോവീര്യം തകർക്കുമെന്നും മന്ത്രി പറഞ്ഞു.
