കൊച്ചി : അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണമുണ്ടാക്കുകയും അത്തരം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന നടി ശ്വേതാ മേനോനെതിരേ കേസ്. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് എറണാകുളം സെൻട്രൽ പോലീസ് നടിയ്ക്കെതിരേ കേസെടുത്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് 67 (A) പ്രകാരവുമാണ് കേസ്’. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വേളയിലാണ് നടി ശ്വേത മേനോൻ ഇത്തരമൊരു കേന് നേരിടുന്നതെന്നതും ശ്രദ്ധേയം.
നടൻ ജഗദീഷ് പിന്മാറിയതോടെ ശ്വേത മേനോന് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള സാദ്ധ്യത ഏറിയ സാഹചര്യത്തിൽ ഉയർന്ന് വന്ന കേസ് ഏത് രീതിയിൽ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം. ശ്വേതയും നടൻ ദേവനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ആദ്യമായി സംഘടനയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നതിൽ താരങ്ങൾക്കിടയിലുണ്ടായ അഭിപ്രായസമന്വയവും ശ്വേതക്ക് അനുകൂലഘടകമായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ശ്വേത അഭിനയിച്ച സിനിമകളും പരസ്യചിത്രങ്ങളുമൊക്കെയാണ് ഇത്തരമൊരു ആരോപണത്തിന് അടിസ്ഥാനമായി പരാതിക്കാരൻ പറയുന്നത്. കാമസൂത്ര പരസ്യ ചിത്രം, പലേരി മാണിക്യം, രതിനിര്‍വ്വേദം, കളിമണ്ണ് തുടങ്ങിയ സിനിമകൾ എന്നിവയിൽ ശ്വേത മേനോൻ ‘ഇന്റിമേറ്റ്’ ആയി അഭിനയിച്ചുവെന്നും അതിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നു എന്നിങ്ങനെയാണ് ആരോപണം