തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. ഒരുപാട് പ്രയാസങ്ങളും പ്രതിബന്ധങ്ങളും പദ്ധതി നടപ്പാക്കുന്നതിൽ നേരിട്ടതായി മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് വിഴിഞ്ഞം വിസ്മയമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
10,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകളായി വർദ്ധിയ്ക്കും. റെയിൽവെ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട് 2000 മീറ്ററായി ബെർത്ത് മാറും. നാലിലധികം മദർ ഷിപ്പുകൾക്ക് തുറമുഖത്ത് നംഖൂരമിടാൻ കഴിയും. ഒരു ലക്ഷം കണ്ടെയ്‌നറുകൾ വരെ സൂഷിക്കാനുള്ള ശേഷിയും ഉണ്ടാകും. നാല് കിലോമീറ്ററിലധികം പുലിമുട്ടും തുറമുഖത്ത് ഉണ്ടാകും.
ഫീഡർ തുറമുഖമായി മാത്രമാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിനും രണ്ടാം ഘട്ടത്തിൽ ആരംഭം കുറിക്കും. 2045ൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാർ ഇതാണ് 2028ൽ പൂർത്തിയാക്കുമെന്ന രീതിയിലേക്ക് മാറിയത്. 2025 മെയ് 2നാണ് തുറമുഖം കമ്മീഷൻ ചെയ്തത്. 2025 ഡിസംബറിൽ ഒരു മാസം 1.21 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്ത് റെക്കോർഡ് നേട്ടവും കൈവരിച്ച് വിഴിഞ്ഞം ലോകത്തിന് തന്നെ വിസ്മയമായി മുന്നോട്ട് കുതിക്കുന്നു.
