ഗയ (ബീഹാർ): ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ വോട്ട് മോഷണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. ബീഹാറിലെ ഗയയിൽ വോട്ടർ അധികാർ യാത്രയുടെ ഭാഗമായുള്ള
ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ‘വോട്ട് മോഷണം’ പിടിക്കപ്പെട്ടിട്ടും തന്നോട് സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുകയാണ്. ‘വോട്ട് മോഷണം’ എന്നത് ‘ഭാരത് മാതയുടെ’ ആത്മാവിനു നേരെയുള്ള ആക്രമണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“തിരഞ്ഞെടുപ്പ് കമ്മീഷനോട് എനിക്ക് ഒന്ന് പറയാനുണ്ട്, രാജ്യം മുഴുവൻ നിങ്ങളോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടും. ഞങ്ങൾക്ക് കുറച്ച് സമയം തരൂ, എല്ലാ നിയമസഭകളിലും ലോക്സഭാ സീറ്റുകളിലും ഞങ്ങൾ നിങ്ങളുടെ മോഷണം പിടികൂടി ജനങ്ങളുടെ മുന്നിൽ കൊണ്ടുവരും,” അദ്ദേഹം തുറന്നടിച്ചു.
”പ്രധാനമന്ത്രി മോദി ഒരു പ്രത്യേക പാക്കേജിനെക്കുറിച്ച് സംസാരിക്കുന്നത് പോലെ, തെരഞ്ഞെടുപ്പ് കമ്മീഷൻ ‘എസ്ഐആർ’ എന്ന പേരിൽ ബിഹാറിനായി ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നു. അത് വോട്ട് മോഷണത്തിൻ്റെ ഒരു പുതിയ രൂപമാണ്.” മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനേയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരെയും പരാമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ‘വോട്ട് മോഷണം’ സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാതെ നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ച് ആരോപണങ്ങൾക്ക് പിന്നിൽ തെളിവുകളുണ്ടെങ്കിൽ ഒപ്പിട്ട സത്യവാങ്മൂലം സമർപ്പിക്കാൻ രാഹുൽ ഗാന്ധിയോട് ഗ്യാനേഷ്കുമാർ ആവശ്യപ്പെട്ടിരുന്നു.