കല്‍പ്പറ്റ : ഭൂമി തരംമാറ്റാനുള്ള നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി കളക്ടർ സി ഗീതക്ക് സസ്പെന്‍ഷൻ. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ റവന്യു മന്ത്രിക്കു നൽകിയ പരാതിയിലാണ് നടപടി. ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങൾ ഉന്നയിച്ച് 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നത് ഉൾപ്പെടെയാണ് പരാതി. കൃത്യവിലോപവും ചട്ടലംഘനവുമായതിനാൽ അന്വേഷണ വിധേയമായാണ് ഗീതയെ സസ്പെന്‍ഡ് ചെയ്തത്.
വയനാട് ജില്ലയിലെ നൂൽപ്പുഴ വില്ലേജിലെ ബ്ലോക്ക് 33ൽ സര്‍വ്വെ നമ്പര്‍ 395/16ൽ ഉള്‍പ്പെട്ട പത്ത് സെന്‍റ് ഭൂമി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കി 2025 ഫെബ്രുവരി 27ന് ഉത്തരവായിട്ടുള്ളതാണെന്നും ഫോം ആറ് പ്രകാരം ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷയിൽ നടപടി സ്വീകരിക്കേണ്ട ഡെപ്യൂട്ടി കളക്ടര്‍ സി ഗീത അനാവശ്യ തടസ്സങ്ങള്‍ ഉന്നയിച്ച് നിരസിക്കുകയായിരുന്നുവെന്നാണ് കെജെ ദേവസ്യയുടെ പരാതി.
പതിനായിരം രൂപ തരാമെങ്കിൽ ഡെപ്യൂട്ടി കളക്ടറെകൊണ്ട് ഭൂമി തരം മാറ്റി തരാമെന്ന് തനിക്ക് പരിചയമില്ലാത്ത ഒരാള്‍ ആവശ്യപ്പെട്ടുവെന്നുമാണ് കെജെ ദേവസ്യയുടെ പരാതി. പണം നൽകാനുള്ള ആവശ്യം നിരസിച്ചതോടെ തരം മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചുവെന്നുമാണ് പരാതി. ഡെപ്യൂട്ടി കളക്ടറിന്റെ ഭാഗത്ത് നിന്ന് ചട്ടലംഘനവും കൃത്യവിലോപവുമടക്കം ഗുരുതര വീഴ്ച ഉണ്ടായതായി റവന്യൂവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് സസ്‌പെൻഷൻ.
