Monday, January 19, 2026

വയനാട് പ്രിയങ്ക, ചേലക്കരയിൽ യുആർ പ്രദീപ്, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ

Date:

കൽപ്പറ്റ / തൃശൂർ / പാലക്കാട് : വയനാട്ടിൽ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചു. ലീഡ് മൂന്നര ലക്ഷവും കടന്ന് മുന്നോട്ട് . വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ  382975 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ ലീഡ് അരലക്ഷം കടന്നിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി  നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

വയനാട് ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാൾ ലീഡുണ്ട്. മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവ് ഉണ്ടായപ്പോൾ നവ്യക്ക് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടുകളുടെ കുറവും ഉണ്ടായി. വോട്ടിംഗ് ശതമാനം കുറഞ്ഞതിൻ്റെ പേരിൽ രാഹുലിൻ്റെ 5 ലക്ഷം ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എങ്കിലും
നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് ക്യാമ്പ്.

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിൻ്റെ വിജയം 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടായിരുന്നു പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചില്ല.
ഇപ്പോൾ ലഭിച്ചിട്ടുള്ള കണക്കുപ്രകാരം 64,827 വോട്ടാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. രമ്യ ഹരിദാസിന് 52,626 വോട്ടുകൾ ലഭിച്ചു. ചേലക്കരയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണൻ 33609 വോട്ടുകൾ നേടിയിട്ടുണ്ട്. പി വി അൻവറിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ എൻ കെയ്ക്ക് 3920 വോട്ട് മാത്രമാണ് സ്വന്തമാക്കാനായത്. 

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. ബാലകൃഷ്ണനിലൂടെ ബിജെപിക്ക് മണ്ഡലത്തില്‍ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 24,045 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാൻ കഴിഞ്ഞിരുന്നത്. 
2016ല്‍ മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്താൻ കഴിഞ്ഞത് യു ആര്‍ പ്രദീപിനും നേട്ടമാണ്. 2016ല്‍ 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. 2021ല്‍ കെ രാധാകൃഷ്ണൻ എത്തിയതോടെ ഭൂരിപക്ഷം 39,400 ആക്കി ഉയര്‍ത്താൻ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. ചേലക്കര വിജയിച്ചതോടെ ഭരണവിരുദ്ധ വികാരമില്ല എന്ന അഭിപ്രായത്തിൽ  എല്‍ഡിഎഫിന് പിടിച്ചു നിൽക്കാം. 

പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം നേടി. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കന്നിജയം. കഴിഞ്ഞ തവണ ഷാഫി പറമ്പിൽ  നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫിന് ഇത്തവണയും മൂന്നാം സ്ഥാനത്താണ് നിലയുറപ്പിക്കാനായത്. 

പിരായിരി പഞ്ചായത്തിലെ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോഴാണ് രാഹുലിന്‍റെ ലീഡ് ഉയർന്ന് തുടങ്ങിയത്. ഇവിടെ 6775 വോട്ട് നേടിയ രാഹുൽ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും  നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുള്ളത്.  വിജയം രാഹുൽ ഉറപ്പാക്കിയതോടെ പാലക്കാട്ട് യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. 

പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു.
എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്.  കോൺഗ്രസ്  വിട്ട് ഇടത് സ്ഥാനാർത്ഥിയായ ഡോ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി. സരിൻ്റെ വോട്ടുകളെക്കാൾ  ഇരട്ടി രാഹുലിന് നേടാനായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉന്നാവ് കസ്റ്റഡി മരണക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി ; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ്...

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം;   കമ്മീഷണർക്ക് പരാതി നൽകി ദീപകിൻ്റെ കുടുംബം

കോഴിക്കോട് : ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി....

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ...