തിരുവനന്തപുരം : ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്ക് ധനസഹായം നൽകാൻ മന്ത്രിസഭയെടുത്ത തീരുമാനമനുസരിച്ച് കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും. ഇതിനുള്ള അനുമതി ജില്ലാ കളക്‌ടർക്ക് നൽകി.