തിരുവനന്തപുരം : കാലാവധി പൂർത്തീകരിക്കാൻ മാസങ്ങൾ ശേഷിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷൻ വർദ്ധിപ്പിച്ചും ആശമാരുടെ അലവന്‍സ് കൂട്ടി നൽകനും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയില്‍ ഒരു ഗഡു(4%) അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സര്‍ക്കസ്, അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷനുകള്‍ എന്നിവ നിലവില്‍ പ്രതിമാസം 1600 രൂപയാണ്. ഇത് നാനൂറുരൂപ കൂടി വര്‍ദ്ധിപ്പിച്ച് രണ്ടായിരം രൂപയാക്കും. ഇതിനായി 13,000 കോടി നീക്കിവെക്കും.
സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാമാസവും സാമ്പത്തികസഹായം ലഭ്യമാക്കും. 35-60 വയസ്സു വരെയുള്ള നിലവില്‍ ഏതെങ്കിലും സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത എഎവൈ (മഞ്ഞക്കാര്‍ഡ്), പിഎച്ച്എച്ച് മുന്‍ഗണനാവിഭാഗം (പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം സ്ത്രീസുരക്ഷാ പെന്‍ഷന്‍ അനുവദിക്കും. 33.34 ലക്ഷം സ്ത്രീകള്‍ ഈ പദ്ധതികളുടെ ഉപഭോക്താക്കളാകുമെന്നാണ് കണക്ക്. പ്രതിവര്‍ഷം 3800 കോടി രൂപയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവിടുന്നത്.
യുവതലമുറയ്ക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് നടപ്പാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്റ്റൈപ്പന്‍ഡ് അല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ആരംഭിക്കും. പ്രതിവര്‍ഷ കുടുംബ വരുമാനം ഒരുലക്ഷത്തില്‍ താഴെയുള്ള പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നീ പഠനങ്ങള്‍ക്കു ശേഷം വിവിധ നൈപുണ്യ കോഴ്‌സുകളില്‍ പഠിക്കുന്നവരോ വിവിധ ജോലി-മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18-30 വയസ്സുള്ളവര്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കും. കണക്ട് ടു വര്‍ക്ക് എന്ന ഈ പദ്ധതിയില്‍ അഞ്ചുലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
കുടുംബശ്രീ എഡിഎസുകള്‍ക്കുള്ള പ്രവര്‍ത്തന ഗ്രാന്റ് പുതുക്കി നിശ്ചയിച്ചു. 19,400 എഡിഎസുകള്‍ക്കുള്ള പ്രവര്‍ത്തന ഗ്രാന്റായി പ്രതിമാസം ആയിരം രൂപ വീതം നല്‍കും. പ്രതിവര്‍ഷം 23.40 ലക്ഷംരൂപ ഇതിന് വേണ്ടിവരും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കുള്ള ഡിഎ,ഡിആര്‍ ഒരു ഗഡു കൂടി നല്‍കും. നവംബറില്‍ വിതരണം ചെയ്യുന്ന ശമ്പളത്തിനും പെന്‍ഷനും ഒപ്പം ഇത് നല്‍കും. അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസ ഓണറേറിയം ആയിരം രൂപവീതം വര്‍ധിപ്പിക്കും. സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും. പ്രീ പ്രെെമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ വർദ്ധിപ്പിക്കും. ഗസ്റ്റ് ലെക്ചർമാരുടെ പ്രതിമാസ വേതനത്തിൽ പരമാവധി 2000 രൂപ വർദ്ധിപ്പിക്കും.
