പാലക്കാട് : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെതിരായ പീഡനാരോപണത്തിൽ പ്രതികരണവുമായി പരാതിക്കാരി. നൂറുക്കണക്കിന് ആളുകൾക്ക് മുന്നിൽവെച്ചാണ് തന്നെ മർദ്ദിച്ചതെന്ന് പരാതിക്കാരി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്ത്രീസുരക്ഷയെ കുറിച്ച് പറയാൻ സി കൃഷ്ണകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്നും അവർ ചോദിച്ചു.
താനല്ല പരാതി ചോർത്തിയതെന്നും സംസ്ഥാന ഉപാദ്ധ്യക്ഷന് നെല്ലും പതിരും ബോദ്ധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി പറയുന്നു. പരാതി നൽകുന്ന സമയത്ത് നിയമപരമായി പല കാര്യങ്ങളിലും വ്യക്തത ഇല്ലായിരുന്നു. ആദ്യകാലത്ത് ഒരു അഭിഭാഷകന്റെ പോലും സഹായം ഇല്ലാതെയാണ് താൻ പൊരുതിയത്. അതുകൊണ്ടുതന്നെ പലപ്പോഴും തിരിച്ചടികൾ നേരിടേണ്ടിവന്നു. രാഷ്ട്രീയ സ്വാധീനം മൂലം പലരും ഈ കേസ് ഏറ്റെടുക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറി. പരാതിക്കാരി പറയുന്നു.
തനിക്ക് മർദമേറ്റപ്പോൾ സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ചാണ് സർജറി അടക്കമുള്ള ചികിത്സ നടത്തിയതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. പോലീസ് അന്ന് ശരിയായ രീതിയിൽ കേസ് അന്വേഷിച്ചില്ലെന്നും അവർ ആരോപിച്ചു
കുറച്ചുവർഷം മുൻപ് കൃഷ്ണകുമാറിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് പാലക്കാട് സ്വദേശിനിയായ യുവതി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. തുടർന്ന് എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലൻകുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനൽകി. എന്നാൽ, ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. യുവതി പരാതിയിൽ ആരോപിക്കുന്നു.