ന്യൂഡൽഹി : മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എവിടെയാണെന്ന ചോദ്യവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവെച്ച ജഗ്ദീപ് ധൻകറിന്റെ നിലവിലെ ആരോഗ്യ സ്ഥിതി എന്താണ്? ഇപ്പോൾ എവിടെയാണ്?, അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നു എന്ന പ്രചാരണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കണം എന്ന ആവശ്യവുമായാണ് സഞ്ജയ് റാവത്ത് കത്ത് നൽകിയത്.
സർക്കാർ വ്യക്തമാക്കാത്ത സാഹചര്യമാണെങ്കിൽ കോടതിയെ സമീപിക്കുമെന്നും കോടതിയിലേക്ക് പോകാൻ പ്രതിപക്ഷത്തെ നിർബ്ബന്ധിക്കരുതെന്നും റാവത്ത് കത്തിൽ പറയുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ച ജഗ്ദീപ് ധൻകറെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം കപിൽ സിബലും ആരോപണമുന്നയിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവയ്ക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
ജൂലൈ 21ന് ഉപരാഷ്ട്രപതി സ്ഥാനത്തു നിന്ന് രാജിവെച്ച ജഗ്ദീപ് ധൻകറെ ബന്ധപ്പെടാനായി പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹത്തിന് യാത്രയയപ്പ് നൽകാനായി പ്രതിപക്ഷ പാർട്ടികൾ ആലോചിച്ചിരുന്നെന്നും അതിനായി ജഗ്ദീപ് ധൻകറിന്റെ അനുമതി തേടി കത്തുകൾ അയയ്ക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ അവസരങ്ങളിലൊന്നും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ജഗ്ദീപ് ധൻകറെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികൾ തീരുമാനിച്ചിരിക്കുന്നത്.