തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദത്തിലകപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പാർട്ടി നടപടി സസ്പെന്‍ഷനിൽ ഒതുങ്ങി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 6 മാസത്തേക്കാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. പാലക്കാട് എംഎൽഎയായി രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല.
അശ്ലീല സന്ദേശമയച്ചെന്നും സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമുള്ള യുവനടി റിനി ആൻ ജോർജിൻ്റേയും ബലാൽസംഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നുള്ള ട്രാൻസ് വുമൺ അവന്തികയുടെയും വെളിപ്പെടുത്തലുകൾക്കൊപ്പം ഒമ്പതോളം പരാതികളാണ് കേന്ദ്ര നേതൃത്വത്തിനും ലഭിച്ചിട്ടുള്ളത്’. ഇതേ തുടർന്ന് രാഹുലിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജി വെയ്ക്കേണ്ടിവന്നിരുന്നു.
ഈ വെളിപ്പെടുത്തലുകൾക്കൊപ്പം യുവതിയോടു ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ട് രാഹുലിന്റേതെന്ന പേരിൽ ഒന്നിനുപുറകെ മറ്റൊന്നായി പുറത്തുവന്ന ശബ്ദസംഭാഷണങ്ങൾ കൂടി വ്യാപകമായി പ്രചരിച്ചതോടെ കോൺഗ്രസ് നേതൃത്വം ശരിക്കും അങ്കലാപ്പിലായി. അതീവഗുരുതര സ്വഭാവമുള്ളതും കേട്ടുകേൾവിയില്ലാത്തതുമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നുവന്നത്. അതിനാല്‍ത്തന്നെ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കണമെന്നും പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണമെന്നുമുള്ള ആവശ്യം പ്രമുഖ വനിതാ നേതാക്കള്‍ ഉൾപ്പെടെയുള്ളവരിൽ നിന്നും ഉയർന്നുവന്നിട്ടും രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടിയാണ് ഒടുവിൽ പാര്‍ട്ടി കൈകൊണ്ടത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ പരാതികളിൽ വീട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇത് വേറിട്ടൊരു പാർട്ടിയാണെന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കിയിരുന്നതാണ്.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ പാർട്ടിയുടെയോ മുന്നണിയുടെയോ പാർലമെൻ്ററി പാർട്ടി യോഗത്തിൽ രാഹുൽ അംഗമായിരിക്കില്ല. വരുന്ന നിയമസഭാ സമ്മേളനങ്ങളിലും ഇത്തരം യോഗങ്ങളിൽ നിന്ന് രാഹുൽ മാറ്റിനിർത്തപ്പെടും. അടുത്ത നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളിൽ നിന്നും സൂചനയുണ്ട്.