തിരുവനന്തപുരം: കേരളം വീണ്ടും അവയവ ദാനത്തിലൂടെ ജീവദാനത്തിനൊരുങ്ങുന്നു. മസ്തിഷ്ക്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ (25) ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് വഴിയാണ് കൊച്ചിയിൽ എത്തിക്കുക. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 33കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസമാണ് അമൽബാബുവിന് അപകടം സംഭവിച്ചത്. അമൽ ബാബുവിന്റെ മറ്റ് അവയവങ്ങൾ ആറു പേർക്ക് കൂടി തുണയാകും. കരൾ, പാൻക്രിയാസ്, വൃക്ക അടക്കം ദാനം ചെയ്യുന്നുണ്ട്. കിംസിൽ ശാസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ പൂർത്തിയാക്കി ഉച്ചക്ക് മുൻപ് തന്നെ എയർ ആംബുലൻസിൽ ഹൃദയം കൊച്ചിയിലെത്തിക്കും.
എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്റർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡ് മാർഗ്ഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിക്കുന്നുണ്ട്. കെ സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു.