Thursday, January 8, 2026

വനിതാ ക്രിക്കറ്റ് ലോകകപ്പ് :  പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ

Date:

കൊളംബോ : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ്   ഗ്രൂപ്പ് മത്സരത്തിൽപാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ നേടിയത് 88 റൺസിന്റെ ഗംഭീര വിജയം. ഇന്ത്യ മുന്നോട്ട് വെച്ച 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസിന് ഓൾ ഔട്ടായി.
ഇന്ത്യയുടെ ബോളിംഗ് കരുത്തിന് മുന്നിൽ പാക്കിസ്ഥാന് പിടിച്ചു നിൽക്കാനായില്ല. പാക്കിസ്ഥാനെതിരെ ഇതുവരെ തോൽക്കാതെ കുതിക്കുന്ന ഇന്ത്യയുടെ തുടർച്ചയായ 12-ാം ഏകദിന വിജയവുമാണിത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് മോശം തുടക്കമായിരുന്നു. 6 റൺസിൽ മുനീബ അലിയെ നഷ്ടമായി. പിന്നീട് സദാഫ് ഷമാസ് (6), ആലിയ റിയാസ് (2) എന്നിവരുടെ വിക്കറ്റുകളും തുടരെ വീണു. 26 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ നിന്ന് സിദ്ര അമിനും നതാലിയ പർവേസും നാലാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. നതാലിയയെ പുറത്താക്കി ക്രാന്തി ഗൗർ കൂട്ടുകെട്ട് തകർത്തു. ദീപ്തി ശർമ്മയുടെ സ്പിന്നിന് മുൻപിൽ ക്യാപ്റ്റൻ ഫാത്തിമ സനയും വീണു.  പിന്നീട് ആറാം വിക്കറ്റിൽ സിദ്ര അമിനും സിദ്ര നവാസും ചേർന്നാണ് പാക് ഇന്നിംഗ്സിന് ചലനം വെപ്പിച്ചത്.
41 റൺസാണ് ഇവർ കൂട്ടിച്ചേർത്തു.  എന്നാൽ, തുടർച്ചയായ ഓവറുകളിൽ സിദ്ര നവാസിന്റെയും പിന്നീട് ക്രീസിലെത്തിയ റമീൻ ഷമീമിന്റെയും വിക്കറ്റുകൾ  നഷ്ടമായത് വലിയ പ്രഹരമായി.

വിക്കറ്റുകൾ ഒന്നൊന്നായി കൊഴിയുമ്പോഴും ഒരറ്റത്ത് കരുത്തുറ്റ ബാറ്റിംഗ് കാഴ്ചവെച്ച് പിടിച്ചു നിന്ന സിദ്ര അമിനെ കൂടി നഷ്ടപ്പെട്ടതോടെ പാക്കാസ്ഥാൻ്റെ പതനത്തിന് ആക്കം കൂടി. 106 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പെടെ 81 റൺസാണ് സിദ്രയുടെ സമ്പാദ്യം. വനിതാ ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ഒരു പാക്കിസ്ഥാൻ ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്. സിദ്ര അമിൻ പുറത്തായതോടെ ഇന്ത്യൻ വിജയം കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 247 റൺസാണ് നേടിയത്. സ്മൃതി മന്ദാനയും പ്രതീക റാവലും ചേർന്ന് 48 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി ടീമിന് മികച്ച തുടക്കം നൽകി. 23 റൺസ് നേടിയ സ്മൃതി മന്ദാനയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. താമസിയാതെ പ്രതീക റാവലിൻ്റെ (31) വിക്കറ്റും നഷ്ടപ്പെട്ടു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. 19 റൺസ് എടുത്തുനിൽക്കെ ക്യാപ്റ്റൻ വിക്കറ്റ് കളഞ്ഞു. ശേഷം, ഹാർലീൻ ഡിയോളും ജെമീമ റോഡ്രിഗസും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയത്. നാലാം വിക്കറ്റിൽ ജെമീമയും ഹാർലീനും ചേർന്ന് 45 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഹാർലീൻ 65 പന്തിൽ നിന്ന് നാല് ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 46 റൺസ് നേടി. ജെമീമ റോഡ്രിഗസ് 37 പന്തിൽ നിന്ന് അഞ്ച് ഫോറുകൾ ഉൾപ്പെടെ 32 റൺസ് നേടി.

ജെമീമ റോഡ്രിഗസിന്റെ പുറത്താകലിനുശേഷം, ദീപ്തി ശർമ്മയും സ്നേഹ് റാണയും ചേർന്ന് ആറാം വിക്കറ്റിൽ 42 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ 200 കടത്തി. ദീപ്തി 25 റൺസും സ്നേഹ് 20 റൺസും നേടി. അവസാന ഓവറുകളിൽ ഇന്ത്യൻ ടീമിനായി വിക്കറ്റ് കീപ്പർ റിച്ച ഘോഷ് മികച്ച പ്രകടനം കാഴ്ചവച്ചു. റിച്ച 20 പന്തിൽ നിന്ന് അഞ്ച് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടെ പുറത്താകാതെ 35 റൺസ് നേടി. പാക്കിസ്ഥാനു വേണ്ടി ഫാസ്റ്റ് ബൗളർ ഡയാന ബെയ്ഗ് നാല് വിക്കറ്റുകൾ വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസ്: ഡി മണിക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ് ; മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി. സ്വർണ്ണക്കവർച്ചയുമായി...

ഇന്ത്യക്ക് നികുതി 500% ആക്കാൻ യുഎസ് ; ഉഭയകക്ഷി ഉപരോധ ബില്ലിന് അംഗീകാരം നൽകി ട്രംപ്

വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ നേരിടാൻ വാഷിംഗ്ടണിനെ...

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

തിരുവനന്തപുരം : ചാനൽ ചർച്ചകളിൽ ഇടത് സഹയാത്രികനായി അവതരിപ്പിക്കപ്പെട്ട റെജി ലൂക്കോസ്...

മോട്ടോർ സൈക്കിളുകളിൽ നിയമവിരുദ്ധമായി സൈലൻസർ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി മണിപ്പൂർ

മണിപ്പൂർ : മോട്ടോർ സൈക്കിളുകളിൽ നിയമവിരുദ്ധമായി സൈലൻസർ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത...