ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിനെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യനും സ്പാനിഷ് താരവുമായ കാർലോസ് അൽകാരസിനെ പരാജയപ്പെടുത്തി ഇറ്റലിയുടെ യാനിക് സിന്നറിന് കന്നി വിംബിൾഡൺ കിരീടം. ആദ്യ സെറ്റ് കൈവിട്ട് പിന്നിലായിപ്പോയ ശേഷം രാജകീയമായി പോരാട്ടവീര്യമാണ് സിന്നർ നടത്തിയത്. ഒപ്പം, ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോടേറ്റ തോൽവിക്കുള്ള മധുരപ്രതികാരവുമായി 23കാരനായ സിന്നറിൻ്റെ വിംബിൾഡൺ വിജയം. സ്കോർ: 4-6, 6-4, 6-4, 6-4.
യാനിക് സിന്നറിന്റെ നാലാം ഗ്രാൻസ്‌ലാം കിരീടവും കന്നി വിംബിൾഡൺ കിരീടവുമാണിത്. അതേസമയം, ഗ്രാൻസ്‍ലാം ഫൈനലിൽ കാർലോസ് അൽകാരസിന്റെ ആദ്യ തോൽവി കൂടിയാണിത്. 24 മത്സരങ്ങൾ നീണ്ട അൽകാരസിന്റെ അപരാജിത കുതിപ്പിനും ഇതോടെ വിരാമമായി. ഈ മത്സരത്തിനു മുൻപ് കണ്ടുമുട്ടിയ 12 മത്സരങ്ങളിൽ സിന്നറിനെതിരെ അൽകാരസിനുണ്ടായിരുന്ന 8–4ന്റെ മേധാവിത്വവും അസ്ഥാനത്തായി.
കഴിഞ്ഞ മാസം 8ന് ഫ്രഞ്ച് ഓപ്പണിലെ കലാശപ്പോരാട്ടത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് കാർലോസ് അൽകാരസ് യാനിക് സിന്നറിനെ വീഴ്ത്തിയതെങ്കിൽ, ഇത്തവണ അതേ നാണയത്തിലായിരുന്നു ഇറ്റാലിയൻ താരത്തിന്റെ തിരിച്ചടി. അന്ന്, 5 സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് അൽകാരസ് കിരീടം ചൂടിയതെങ്കിൽ, ഇത്തവണ 4 സെറ്റിനുള്ളിൽ സിന്നർ വിജയക്കൊടി നാട്ടി. ഇറ്റലിയില്‍നിന്ന് വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ പുരുഷതാരമായി സിന്നർ മാറി.