നിസാമാബാദ്: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്ക്കരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി. ബംഗ്ലാദേശ് പൗരന്മാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് പറയുന്ന കേന്ദ്രസര്‍ക്കാരിന് പഹല്‍ഗാമില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതിനെ കുറിച്ച് അറിയാന്‍ കഴിയാത്തതെന്തേയെന്ന് ഒവൈസിയുടെ ചോദിച്ചു. തെലങ്കാനയിലെ നിസാമാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഒവൈസി കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ചത്.
”പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ നാല് തീവ്രവാദികള്‍ പഹല്‍ഗാമില്‍ നമ്മുടെ 26 ഹിന്ദു സഹോദരങ്ങളുടെ ജീവനെടുത്തു. എങ്ങനെയാണ് ആ തീവ്രവാദികള്‍ അവിടെ എത്തിയത് എന്ന് കേന്ദ്രസർക്കാർ പറഞ്ഞുതരണം. ബിഹാറില്‍ ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും സാന്നിദ്ധ്യത്തെക്കുറിച്ച് അറിയാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ എങ്ങനെയാണ് നാലു ഭീകരര്‍ പഹല്‍ഗാമില്‍ എത്തിയത്?” – ഒവൈസിയുടെ ചോദ്യം
”ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കുറിച്ച് സംസാരിക്കുമ്പോഴൊക്കെ, പഹല്‍ഗാമില്‍ നടന്ന ഭീകരതയ്ക്കുള്ള പ്രതികാരം എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ നാല് ഭീകരവാദികളെയും പിടികൂടുന്നതുവരെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.” ഒവൈസി പറഞ്ഞു
പഹല്‍ഗാമില്‍ സുരക്ഷാവീഴ്ച ഉണ്ടായതായുള്ള ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും ഒവൈസി ചൂണ്ടിക്കാട്ടി. ”പിന്നന്തേ താങ്കള്‍ രാജിവെച്ച് പുറത്തുപോകാത്തത്?” – ഒവൈസി ചോദിച്ചു. ”പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കണം എന്നല്ലേ നിങ്ങള്‍ പറയുന്നത്. അങ്ങനെയെങ്കില്‍, ആ നാല് തീവ്രവാദികളെയും പിടികൂടുംവരെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരണം. അവരെ പിടികൂടുംവരെ ഞങ്ങള്‍ ചോദ്യം ചോദിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.” – ഒവൈസി വ്യക്തമാക്കി.