ധർമ്മശാല : ഹിമാചൽ പ്രദേശിലെ ഇന്ദ്രുനാഗിൽ ടേക്ക് ഓഫ് സൈറ്റിൽ പാരാഗ്ലൈഡർ തകർന്ന് അഹമ്മദാബാദ് സ്വദേശി സതീഷ് രാജേഷ് (25) മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ടേക്ക് ഓഫിനിടെ ഗ്ലൈഡർ വായുവിലേക്ക് ഉയർത്താൻ കഴിയാതെ വന്ന് കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തകർന്നുവീണതാണ് അപകടത്തിന് കാരണമെന്ന് കാംഗ്ര ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ഹിതേഷ് ലഖൻപാൽ പറഞ്ഞു. സംഭവത്തിൽ പൈലറ്റ് സൂരജിനും പരിക്കേറ്റു.
സതീഷിന്റെ തലയ്ക്കും വായിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആദ്യം ധർമ്മശാല സോണൽ ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും പിന്നീട് ടാൻഡ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രാത്രി വൈകിയാണ് സതീഷ് രാജേഷിൻ്റെ മരണം സംഭവിച്ചത്. കാംഗ്രയിലെ ബാല ജി ആശുപത്രിയിൽ ചികിത്സയിലാണ് സൂരജ്. സതീഷിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കൈമാറുമെന്നും അഡീഷണൽ എസ്പി ലഖൻപാൽ പറഞ്ഞു.
ആറ് മാസത്തിനിടെ ഇന്ദ്രുനാഗിൽ നടന്ന രണ്ടാമത്തെ മാരകമായ പാരാഗ്ലൈഡിംഗ് അപകടമാണിത്. ജനുവരിയിൽ, ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള 19 കാരിയായ ഭാവ്സർ ഖുഷി, തന്റെ ഗ്ലൈഡർ തകർന്ന് ടേക്ക് ഓഫിനിടെ മരിച്ചു. അപകടത്തിൽ അവരുടെ പൈലറ്റിനും പരിക്കേറ്റു. രണ്ട് കേസുകളിലും പാരാഗ്ലൈഡിംഗ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണെന്ന് അഡീഷണൽ എസ്പി ലഖൻപാൽ പറഞ്ഞു.
തുടർന്ന്, മൺസൂൺ സീസണിലെ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 15 വരെ ജില്ലയിലുടനീളമുള്ള പാരാഗ്ലൈഡിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്രശസ്തമായ ബിർ ബില്ലിംഗ് സൈറ്റും ഇതിൽ ഉൾപ്പെടുമെന്ന് കാംഗ്ര ഡെപ്യൂട്ടി കമ്മീഷണർ ഹൈംരാജ് ബൈർവ അറിയിച്ചു.