വിജയവാഡ : 3,200 കോടി രൂപയുടെ മദ്യ അഴിമതിക്കേസിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ലോക്‌സഭാ എംപി പിവി മിഥുൻ റെഡ്ഡിയെ അറസ്റ്റ് ചെയ്ത് ആന്ധ്രാപ്രദേശ് പോലീസ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം രാത്രി 7.30 ഓടെയാണ് വിജയവാഡയിൽ വെച്ച് മിഥുൻ റെഡ്ഡിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് ആന്ധ്രാപ്രദേശിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മംഗളഗിരിയിലെ സിഐഡി ഓഫീസിലാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.
2019 നും 2024 നും ഇടയിൽ സംസ്ഥാനത്തിന്റെ എക്സൈസ് നയം നടപ്പിലാക്കിയതിലെ ക്രമക്കേടുകളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യ ഡിസ്റ്റിലറികളിൽ നിന്നും വിതരണക്കാരിൽ നിന്നും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് പ്രതികൾ ഗൂഢാലോചന നടത്തി സംസ്ഥാന ഖജനാവിന് വലിയ നഷ്ടം വരുത്തിവെച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ധനുഞ്ജയ് റെഡ്ഡി, കൃഷ്ണ മോഹൻ റെഡ്ഡി, ബാലാജി ഗോവിന്ദപ്പ എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മിഥുൻ റെഡ്ഡിയേയും ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്.
മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അധികാര ദുർവിനിയോഗം നടത്തിയെന്നും പാർട്ടി മേധാവി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായി അടുപ്പമുള്ള നേതാക്കളെ ലക്ഷ്യമിട്ടുവെന്നും വൈ എസ് ആർ കോൺഗ്രസ് ആരോപിച്ചു. മിഥുൻ റെഡ്ഡിക്കെതിരായ കേസ് പാർട്ടി നേതൃത്വത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു പ്രതികാര ഗൂഢാലോചനയുടെ ഭാഗമാണെന്ന് വൈഎസ്ആർസിപിയുടെ മുതിർന്ന നേതാവ് മല്ലടി വിഷ്ണു പറഞ്ഞു.