തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലി. കുട്ടിയുടെ ചികിത്സക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് എം.എ യൂസഫ് അലി അറിയിച്ചു. നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശി സായികൃഷ്ണന്റെയും സജിനിയുടെയും മകള്‍ അദ്വൈതയ്ക്കാണ് ഈ അപൂർവ്വരോഗം.
കരയുമ്പോള്‍ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേയ്ക്ക് വരുന്ന രോഗമുള്ള കുഞ്ഞിൻ്റെ ചികിത്സക്ക് സഹായ വാഗ്ദാനവുമായി നിരവധി മലയാളികളാണ് ഇതിനകം രംഗത്തെത്തിയിട്ടുള്ളത്. കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേക്കു വരുന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസൃണം ബാന്‍ഡേജ് ഉപയോഗിച്ച് കണ്ണുകളെ താങ്ങിനിര്‍ത്തുകയാണിപ്പോൾ ചെയ്യുന്നത്. അച്ഛനെയും അമ്മയെയും ബാന്‍ഡേജിന്റെ നേര്‍ത്തവിടവിലൂടെയാണ് കുഞ്ഞ് കാണുന്നത്. ഉറങ്ങുമ്പോള്‍ മാത്രമാണ് ബാന്‍ഡേജ് മാറ്റുന്നത്.
സമാന രോഗം ബാധിച്ചിരുന്ന അദ്വൈതയുടെ ഇരട്ടസഹോദരി അർത്ഥിത രണ്ടാഴ്ച മുൻപ് മരിച്ചിരുന്നു. ഗര്‍ഭാവസ്ഥയിലും ജനിച്ചപ്പോഴും ഒരുവിധ വൈകല്യവും കുഞ്ഞുങ്ങള്‍ക്കുണ്ടായിരുന്നില്ല. പത്തുമാസമായപ്പോഴാണ് കണ്ണുകളുടെ വൈകല്യം തിരിച്ചറിഞ്ഞത്.
കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ മൂന്നു ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാനാവുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന് ഇരുപതുലക്ഷത്തോളം രൂപ ചെലവുവരുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. കുഞ്ഞിനെ സഹായിക്കാന്‍ നിരവധി പേര്‍ മുന്നോട്ട് വന്നതിലുള്ള സന്തോഷവും ആശ്വാസവും പിതാവ് സായി കൃഷ്ണ പ്രകടിപ്പിച്ചു.