ഷിംല: ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ
മിന്നൽ പ്രളയത്തിലും കനത്ത മഴയിലും സത്ലജ് നദിക്ക് കുറുകെയുള്ള പാലം മുങ്ങി. ഷിംല ജില്ലയിലെ കോട്ഖായി ഖൽതുനാലയിൽ ശക്തമായ മഴ കനത്ത നാശം വിതച്ചു. കോട്ഖായിയിലെ ഉയർന്ന മലനിരകളിൽ ഉണ്ടായ മേഘവിസ്ഫോടനമാണ് കാരണം. രാത്രി വൈകിയുണ്ടായ മേഘവിസ്ഫോടനത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു. ഒരു പെട്രോൾ പമ്പിന് മുന്നിലും അവശിഷ്ടങ്ങൾ വന്നു വീണു. പമ്പിന്റെ പകുതിയോളം ഭാഗം അവശിഷ്ടങ്ങൾക്കടിയിലായി. പമ്പിലെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു.
വ്യാഴാഴ്ച രാവിലെ മുതൽ ഡൽഹി-എൻസിആറിലും കനത്ത മഴയാണ്. നിർത്താതെ പെയ്യുന്ന മഴ പല സ്ഥലങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് സൃഷ്ടിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് റോഡുകളെല്ലാം സ്തംഭിച്ചു. കനത്ത ട്രാഫിക് ബ്ലോക്കുകൾ കാരണം ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും പോകുന്നവർ ബുദ്ധിമുട്ടിലായി.
ഡൽഹിയിലും നോയിഡ, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും ദിവസം മുഴുവൻ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പ് ‘യെല്ലോ’ അലർട്ട് ‘റെഡ്’ അലർട്ടായി ഉയർത്തി.
ഉത്തർപ്രദേശിലെ ലഖ്‌നൗവിലും മീററ്റിലും രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയെത്തുടർന്ന് പല ജില്ലകളിലും സ്കൂളുകൾക്ക് അവധി നൽകി. കനൗജ്, മൊറാദാബാദ്, ബറേലി, ഝാൻസി ഉൾപ്പെടെ 58 ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ലഖ്‌നൗവിലെ ഗോമതി നഗർ അടക്കമുള്ള നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
വരും ദിവസങ്ങളിലും ഡൽഹി-എൻസിആർ, ചണ്ഡീഗഡ്, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതിനാൽ വിനോദ സഞ്ചാരികൾ ഈ സമയങ്ങളിൽ യാത്രയ്ക്കൊരുങ്ങി അപകാരങ്ങളിൽ പെടാതെ സൂക്ഷിക്കണം.