(Photo Courtesy : BCCI/X)
ദുബൈ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിൽ ഇന്ത്യക്ക് സൂപ്പർ വിജയം. അഭിഷേകും ഗില്ലും തിലകും ബാറ്റ് കൊണ്ട് മിന്നിച്ചപ്പോൾ പാക്കിസ്ഥാൻ പതറി വീണു. ആറ് വിക്കറ്റിനാണ് ഇന്ത്യൻ ജയം. ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റൺസ് നേടി ഇന്ത്യ മറികടന്നു. 39 പന്തില്‍ 74 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശുഭ്മാന്‍ ഗില്‍ 28 പന്തില്‍ 47 റണ്‍സെടുത്തും 19 പന്തില്‍ 30 റണ്‍സുമായി തിലക് വര്‍മയും തിളങ്ങി. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ അഭിഷേക്-ശുഭ്മാന്‍ ഗില്‍ സഖ്യം 9.5 ഓവറില്‍ 105 റൺസ് അടിച്ചെടുത്തു. അഞ്ചാമനായി ക്രീസിലിത്തിയ സഞ്ജു സാംസണ് 17 പന്തില്‍ 13 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സഞ്ജു പുറത്തായ ശേഷം വന്ന ഹാർദ്ദിക് പാണ്ഡ്യ 7 പന്തിൽ 7 റൺസെടുത്ത് പുറത്താകാതെ നിന്നു.
വിജയത്തിലേക്ക് ബാറ്റുവീശി തുടങ്ങിയ ഇന്ത്യക്കായി ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സ് പറത്തിയാണ് അഭിഷേക് ശര്‍മ തുടങ്ങിയത്. പിന്നിടങ്ങോട്ട് ആക്രമണം തന്നെയായിരുന്നു. പവര്‍ പ്ലേയില്‍ രണ്ടു പേരും കൂടി ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സിലെത്തിച്ചു. പത്താം ഓവറില്‍ 100 കടന്നു. അര്‍ദ്ധസെഞ്ചുറിക്ക് അരികെ ഗില്ലിനെ(28 പന്തില്‍ 47) ബൗള്‍ഡാക്കിയ ഫഹീം അഷ്റഫാണ് കൂടുകെട്ട് തകർത്തത്.
പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് മടങ്ങി കളിയുടെ ഹരത്തിന് മങ്ങലേൽപ്പിച്ചു. ഹാരിസ് റൗഫിനാണ് വിക്കറ്റ്. എന്നാൽ, നാലാം നമ്പറിലിറങ്ങിയ തിലക് വർമ്മ നഷ്ടപ്പെട്ട ഹരം തിരിച്ചുപിടിച്ചു. 24 പന്തില്‍ അര്‍ദ്ധസെഞ്ചുറി തികച്ച അഭിഷേക് പുറത്തായതിന് പിന്നാലെ അഞ്ചാം നമ്പറില്‍ സഞ്ജു സാംസൺ ക്രീസിലെത്തി. സഞ്ജു ഫഹീം അഷ്റഫിനെതിരെ ബൗണ്ടറിയടിച്ച് തുടക്കം ഗംഭീരമാക്കിയെങ്കിലും ഹാരിസ് റൗഫിന് മുന്നില്‍ ബൗൾഡായി മടങ്ങി. സഞ്ജു പുറത്താവുമ്പോല്‍ ജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടത് 29 റണ്‍സ്. പുറത്താകാതെ തിലക് വര്‍മയും (19 പന്തില്‍ 30), ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ ഹൃദയതിലകം ചാർത്തി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍റെ അര്‍ദ്ധസെഞ്ചുറിയുടെ മികവിലാണ് 171 റണ്‍സെടുത്തത്. 45 പന്തില്‍ 58 റണ്‍സെടുത്ത ഫര്‍ഹാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോററും. പിന്നീട് സയ്യിം അയൂബ് 17 പന്തില്‍ 21 റൺസ് എടുത്തതൊഴിച്ചാൽ ആർക്കും കാര്യമായൊന്നും ചെയ്യാനായില്ല. എന്നാൽ, 150 റണ്‍സിന് താഴെ ഒതുങ്ങുമായിരുന്ന പാക്കിസ്ഥാനെ 171 റൺസിലേക്കെത്തിച്ചത് ഏഴാമനായി ഇറങ്ങിയ ഫഹീം അഷ്റഫ് ആണ്. 8 പന്തില്‍ 20 റണ്‍സായിരുന്നു ഫഹീം അഷ്റഫിൻ്റെ സംഭാവന. ഹാര്‍ദ്ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയാണ് ഫഹീം ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ഇന്ത്യക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവറിൽ 45 റണ്‍സ് വഴങ്ങിയ ബുമ്രക്ക് ഇത്തവണ വിക്കറ്റൊന്നും നേടാനായില്ല