കൊൽക്കത്ത: ഇന്ത്യൻ പേസർ മുഹമ്മദ് ഷമി മുൻ ഭാര്യ ഹസിൻ ജഹാന് പ്രതിമാസം 4 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി. ജസ്റ്റിസ് അജോയ് കുമാർ മുഖർജി പുറപ്പെടുവിച്ച ഉത്തരവിൽ ജഹാന്റെ വ്യക്തിഗത ജീവനാംശത്തിനായി പ്രതിമാസം 1.5 ലക്ഷം രൂപയും പ്രായപൂർത്തിയാകാത്ത മകളുടെ പരിചരണത്തിനും ചെലവുകൾക്കുമായി 2.5 ലക്ഷം രൂപയും ഷമി നൽകണമെന്ന് നിർദ്ദേശിച്ചു.
2018-ൽ കൊൽക്കത്തയിലെ അലിപൂർ കോടതി ഷമിക്ക് പ്രതിമാസം 50,000 രൂപയും മകളുടെ ചെലവുകൾക്കായി 80,000 രൂപയും നൽകണമെന്നാണ് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ജഹാൻ നൽകിയ അപ്പീലിനെ തുടർന്നാണ് ഹൈക്കോടതി വിധി. ഷമിയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഉയർന്ന ജീവനാംശതുക നൽകാമെന്ന് ജഹാന്റെ നിയമോപദേഷ്ടാവ് അപ്പീലിൽ വാദിച്ചു. 2021 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ പ്രകാരം, ഷമിയുടെ വാർഷിക വരുമാനം ഏകദേശം 7.19 കോടി രൂപയായിരുന്നു, അതായത് പ്രതിമാസം ഏകദേശം 60 ലക്ഷം രൂപ. മകൾക്കുള്ള ചെലവുകൾ ഉൾപ്പെടെ തന്റെ മൊത്തം പ്രതിമാസ ചെലവുകൾ 6 ലക്ഷം രൂപ കവിഞ്ഞതായി ജഹാന്റെ നിയമോപദേഷ്ടാവിൻ്റെ വിശദാംശങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതി ഹർജിയിൽ അനുകൂലമായി വിധി പറഞ്ഞത്.
ഷമിയുടെ ഗണ്യമായ വരുമാനവും ജഹാൻ പുനർവിവാഹം കഴിച്ചിട്ടില്ലെന്നും മകളോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്നുവെന്നും കണക്കിലെടുക്കുമ്പോൾ മുൻ വിധിയിൽ തിരുത്തലുകൾ ആവശ്യമാണെന്ന് പുതുക്കിയ ഉത്തരവിൽ കോടതി പറയുന്നു. മകളുടെ വിദ്യാഭ്യാസത്തിനോ മറ്റ് ഭാവി ആവശ്യങ്ങൾക്കോ ഷമിക്ക് സ്വമേധയാ അധിക തുക സംഭാവന ചെയ്യാമെന്നും കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുൻ മോഡലും ചിയർ ലീഡറുമായ ഹസിൻ ജഹാനെ 2014 ൽ ആണ് മുഹമ്മദ് ഷമി വിവാഹം കഴിച്ചത്. 2015 ൽ ഇവർക്ക് ഒരു മകൾ പിറന്നു. ശേഷം 2018 ലാണ് ജഹാൻ ഷമിക്കെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ഒത്തുകളി എന്നീ കുറ്റങ്ങൾ ആരോപിച്ച് കേസ് ഫയൽ ചെയ്തത്.