തിരുവനന്തപുരം : മകളുടെ ചികിത്സയ്ക്ക് കേരളത്തിലെത്തിയ മുൻ കെനിയൻ പ്രധാനമന്ത്രി റെയ്‌ല ഒടിങ്ക (80) അന്തരിച്ചു. എറണാകുളം കൂത്താട്ടുകുളത്ത് ബുധനാഴ്ച പ്രഭാത സവാരി നടത്തുന്നതിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഉടൻ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കൂത്താട്ടുകുളത്തെ ആയുർവ്വേദ നേത്ര ചികിത്സാ കേന്ദ്രമായ ശ്രീധരീയത്തില്‍ കഴിഞ്ഞ ദിവസം മകളോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
2019-ലാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. മകൾ റോസ്‌മേരി ഒടിങ്കയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഈ വരവ്. 2017-ൽ ഒരു രോഗത്തെത്തുടർന്ന് റോസ്‌മേരിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇസ്രയേൽ, ചൈന തുടങ്ങിയ വിദേശരാജ്യങ്ങളിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവ്വേദ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് അറിഞ്ഞ് 2019-ൽ അദ്ദേഹം കേരളത്തിൽ എത്തുകയായിരുന്നു.
ശ്രീധരീയം ആശുപത്രിയിൽ ഒരു മാസം നീണ്ട ചികിത്സയിലൂടെ റോസ്‌മേരിക്ക് കാഴ്ചശക്തി തിരികെ ലഭിച്ചു. ഈ സംഭവം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ എടുത്തുപറഞ്ഞ് ശ്രദ്ധേയമാക്കിയിരുന്നു. ഈ ചികിത്സയുടെ ഫലമായി 2019-ൽ തുടർചികിത്സയ്ക്കുവേണ്ടി റെയ്‌ല ഒടിങ്കയും മകളും വീണ്ടും കൂത്താട്ടുകുളത്ത് എത്തിയിരുന്നു
റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ പ്രധാനമന്ത്രി മോദി അനുശോചനം രേയപ്പെടുത്തി. ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു റെയ്‌ല ഒഡിംഗയെന്ന് മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
“ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹത്തെ അടുത്തറിയാൻ എനിക്ക് ഭാഗ്യം ലഭിച്ചു, വർഷങ്ങളായി ഞങ്ങളുടെ ബന്ധം തുടർന്നു. ഇന്ത്യയോടും നമ്മുടെ സംസ്കാരത്തോടും മൂല്യങ്ങളോടും പുരാതന ജ്ഞാനത്തോടും അദ്ദേഹത്തിന് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഇന്ത്യ-കെനിയ ബന്ധം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ ഇത് പ്രതിഫലിച്ചു. മകളുടെ ആരോഗ്യത്തിലുണ്ടായ നല്ല മാറ്റം കണ്ട അദ്ദേഹം ആയുർവേദത്തെയും ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്ര രീതികളെയും പ്രത്യേകിച്ച് പ്രശംസിച്ചു. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കെനിയയിലെ ജനങ്ങൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.” – പ്രധാനമന്ത്രി ‘എക്സി’ൽ
കുറിച്ചു.
കെനിയൻ രാഷ്ട്രീയത്തിൽ ഒരു നിർണ്ണായക ശക്തിയായിരുന്നു റെയ്‌ല ഒടിങ്ക. അദ്ദേഹം അഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ചില തിരഞ്ഞെടുപ്പ് പരാജയങ്ങൾ രാജ്യത്ത് രക്തച്ചൊരിച്ചിലിനും വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്കും കാരണമായിരുന്നു. വർഷങ്ങളോളം ജനാധിപത്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെ രാജ്യത്തിന് രണ്ട് സുപ്രധാന പരിഷ്ക്കാരങ്ങൾ നേടിക്കൊടുക്കാൻ റെയ്‌ല ഒടിങ്കയ്ക്ക് സാധിച്ചു. 1991-ലെ ബഹുകക്ഷി ജനാധിപത്യം സ്ഥാപിക്കാനും 2010-ലെ പുതിയ ഭരണഘടന കൊണ്ടുവരാനും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
എങ്കിലും, 2007-ലെ തിരഞ്ഞെടുപ്പിനുശേഷം റെയ്‌ല ഒഡിംഗ നയിച്ച പ്രതിഷേധങ്ങൾ രാജ്യത്തെ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ രാഷ്ട്രീയ അക്രമങ്ങളിലേക്ക് നയിച്ചു. ഈ കലാപങ്ങളിൽ ഏകദേശം 1,300 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
