മലയാളി ഗവേഷക ഡോ. മഞ്ജു പെരുമ്പിലിൻ്റെ ഗവേഷണപ്രബന്ധം നേച്ചര്‍ ജേണലില്‍ ; ക്വാണ്ടം സെന്‍സറിനെക്കുറിച്ചുള്ള പഠനം ശാസ്ത്രരംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കും

Date:

കോഴിക്കോട് : മലയാളി ഗവേഷക ഡോ. മഞ്ജു പെരുമ്പിലിൻ്റെ ഗവേഷണപ്രബന്ധം ലോകപ്രശസ്തമായ നേച്ചര്‍ ജേണലില്‍. അതിസൂക്ഷ്മമായ ക്വാണ്ടം സെന്‍സറിനെക്കുറിച്ച് മഞ്ജു നടത്തിയ പഠനമാണ് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചത്. ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഏറ്റവും ചെറിയ ചലനവ്യതിയാനത്തെക്കുറിച്ച് പോലും അറിയാന്‍ സഹായകമായ ഈ ഗവേഷണത്തിൽ കൊയിലാണ്ടി സ്വദേശിനിയും കേരള കേന്ദ്ര സർവ്വകലാശാലയിലെ അദ്ധ്യാപികയുമായ ഡോ. മഞ്ജു പെരുമ്പിലിനൊപ്പം ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെയും കേംബ്രിജ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ കൂടി കൈകോർത്തു. ഗവേഷണം നടത്തുന്നതിലും പ്രബന്ധം തയ്യാറാക്കുന്നതിലും ഇവരുടെ കൂടി സാന്നിദ്ധ്യം പ്രയോജനകരമായി.

ദ്രവ്യത്തിന്റെ അഞ്ചാമത്തെ രൂപം ഉപയോഗിച്ചുള്ള സെന്‍സറുകളെപ്പറ്റി പഠിക്കുന്ന രാജ്യാന്തര ഗവേഷക സംഘത്തിൽ അംഗമാണ് ഡോ. മഞ്ജു പെരുമ്പില്‍. ഇന്ത്യന്‍ ബഹിരാകാശ പരീക്ഷണങ്ങളും പര്യവേഷണങ്ങളും ഏറെ മുന്നോട്ടു പോയിരിക്കുന്ന കാലത്ത് ക്വാണ്ടം സാങ്കേതികവിദ്യാരംഗത്തെ ഏറ്റവും പുതിയ ഈ ഗവേഷണത്തിന് ഏറെ സാദ്ധ്യതകളാണുള്ളത്. മാത്രമല്ല ഏറെ പ്രാധാന്യമുള്ള ഈ ഗവേഷണത്തില്‍ പാശ്ചാത്യഗവേഷകര്‍ക്കൊപ്പം ഒരു ഇന്ത്യന്‍ ഗവേഷകയുമുണ്ട് എന്നത് ഇതിന്റെ പ്രാധാന്യം കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഈ അംഗീകാരത്തെ ഇന്ത്യന്‍ ശാസ്ത്രഗവേഷണ രംഗത്തിനും അഭിമാനകരമായ നിമിഷമായാണ് ഡോ. മഞ്ജു കാണുന്നത്. ശാസ്ത്രഗവേഷണരംഗത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സത്യേന്ദ്രനാഥ ബോസിന്റെ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിക്കൂടിയാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നതെന്നും പ്രസിദ്ധമായ ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് എന്നറിയപ്പെടുന്ന പ്രത്യേക ദ്രവ്യാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഗവേഷണത്തെ മുന്നോട്ടുകൊണ്ടുപോയതെന്നും ഡോ. മഞ്ജു പറഞ്ഞു.

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തല്‍, ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങളുടെ പരീക്ഷണം, ഡാര്‍ക്ക് എനര്‍ജി, ഡാര്‍ക്ക് മാറ്റര്‍, ക്വാണ്ടം ഗുരുത്വാകര്‍ഷണം എന്നിവയുള്‍പ്പെടെ അടിസ്ഥാന ഭൗതികശാസ്ത്രത്തിലെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ക്വാണ്ടം സെന്‍സര്‍ രംഗത്ത് ഡോ. മഞ്ജുവും സഹ ഗവേഷകരും നടത്തിയ പരീക്ഷണങ്ങള്‍ വലിയ സാദ്ധ്യതകള്‍ തുറക്കുന്നുണ്ട്. ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കും വേണ്ടിയുള്ള കണ്ടെത്തലാണെങ്കിലും ഇത്തരം സെന്‍സറുകള്‍ ദുരന്തനിവാരണം, ധാതുപര്യവേഷണങ്ങള്‍, ഭൂഗര്‍ഭജലനിരീക്ഷണം, ജലഗതാഗതം തുടങ്ങിയ മേഖലകളിലും ഭാവിയില്‍ സഹായകമാകും. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ എജ്യുക്കേഷന്‍ വിഭാഗത്തിൽ ഫിസിക്സ് അസി. പ്രഫസറാണ്. ഓസ്ട്രേലിയന്‍ നാഷനല്‍ യൂണിവേഴ്സിറ്റിയിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. കേരള സര്‍ക്കാരിന്‍റെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണക്കവർച്ചയിൽ അറസ്റ്റ് തുടരുന്നു ; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍  വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന...

ചിത്രപ്രിയ കൊലപാതകം: സഹപാഠികളിൽ നിന്ന് വിവരം തേടി അന്വേഷണ സംഘം ബംഗളൂരുവിൽ

മലയാറ്റൂർ : മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ തേടി...

‘സിനിമ കാണാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ല, കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും’ : മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: തിരുവനതപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഐഎഫ്എഫ്കെയിൽ മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കുമെന്ന്...

സർക്കാരിന്റെ ക്രിസ്മസ് സൽക്കാരത്തിൽ അതിഥിയായി അതിജീവിത്ത

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൽ അതിഥിയായി നടി...