‘തനിക്കുള്ള പിന്തുണ മറ്റുള്ളവർക്കെതിരായ ഹേറ്റ് ക്യാംപെയ്ന്‍ ആകരുത്, സംഭവത്തിൽ എനിക്ക് ഒരു വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ല.’ – ആസിഫ് അലി

Date:

കൊച്ചി: ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന പുരസ്ക്കാര ദാന ചടങ്ങിനിടെ സംഗീത സംവിധായകൻ രമേശ്‌ നാരായണനുമായ ബന്ധപ്പട്ട വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ആസിഫ് അലി. തനിക്കുള്ള പിന്തുണ മറ്റുള്ളവർക്കെതിരായ പ്രചാരണമാകരുതെന്ന് താരം പറഞ്ഞു. രമേശ് നാരായണൻ ഇപ്പോള്‍ അനുഭവിക്കുന്ന വേദന തനിക്ക് മനസ്സിലാകുമെന്നും തനിക്ക് ഇക്കാര്യത്തിൽ ഒരു വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം
പറഞ്ഞു. പുതിയ സിനിമയായ ലെവൽ ക്രോസിന്റെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ കോളജിൽ എത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.

‘’എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാൾക്കെതിരായ വിദ്വേഷം ആകരുത്. ഞാനും സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആൾ തന്നെയാണ്. പക്ഷേ അത് എന്റേത് മാത്രം. ആ വികാരം ഞാൻ ഒരിക്കലും പരസ്യമായി പ്രകടിപ്പിക്കാറില്ല. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന് നിങ്ങളുടെയൊക്കെ സ്നേഹം
അനുഭവിക്കാൻ പറ്റുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഇതിനൊപ്പം തന്നെ അദ്ദേഹത്തിനെതിരെ ഒരു ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നത് കണ്ടു. അക്കാരണം കൊണ്ട് എനിക്ക് ഇക്കാര്യത്തിൽ സംസാരിക്കണമെന്ന് തോന്നി. ഈ സംഭവത്തെക്കുറിച്ച്
ഒരഭിപ്രായം പറയണമെന്നോ കൂടുതൽ സംസാരങ്ങൾ ഉണ്ടാകണമെന്നോ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ ഇന്നലെ ഉണ്ടായ ഹേറ്റ് ക്യാംപെയ്ൻ, അതുകാരണം അദ്ദേഹം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഞാൻ കാണുന്നതുകൊണ്ടാണ് ഇന്നിവിടെ സംസാരിക്കുന്നത്” – ആസിഫ് പറഞ്ഞു.

“ഒന്ന് അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിക്കാൻ മറന്നു, അതിനുശേഷം പേരു തെറ്റിവിളിച്ചു. എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന ചെറിയ ടെൻഷൻ അദ്ദേഹത്തിനും വന്നിട്ടുണ്ടാകാം. കാലിനു പ്രശ്നമുണ്ടായതുകൊണ്ട് സ്റ്റേജിലേക്ക് കയറാൻ പറ്റാതെ ഇരിക്കുന്നു. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾക്കു നടുവിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. നമ്മൾ എല്ലാ മനുഷ്യരും പ്രതികരിക്കുന്നതുപോലെയാണ് അദ്ദേഹവും പ്രതികരിച്ചത്. ആ അവസരത്തിൽ അദ്ദേഹം ചെയ്തത് ആ പിരിമുറക്കം കൊണ്ടാകാം. പക്ഷേ ക്യാമറ ആങ്കിളിൽ അത് കുറച്ച് കൂടുതലായി പ്രതിഫലിച്ചു. എനിക്ക് ഇക്കാര്യത്തിൽ ഒരു വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ല. എന്റെ റിയാക്‌ഷനിൽ നിന്നും നിങ്ങൾക്ക് അതറിയാം. എനിക്ക് അവിടെ ചെയ്യാനുള്ള കാര്യം ഞാൻ ചെയ്തു. ജയരാജ് സർ വന്നപ്പോൾ ഞാൻ അവിടെ നിന്ന് മാറി നിൽക്കുകയും ചെയ്തു.  ഇന്നലെ ഉച്ച മുതലാണ് ഓൺലൈനിലെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചത്. ഇതിനെന്ത് മറുപടി പറയണമെന്ന ആശങ്കയിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. എന്റെ മറുപടി വേറൊരുതലത്തിലേക്കോ രീതിയിലേക്കോ ഒന്നും പോകാന്‍ പാടില്ലായിരുന്നു. മതപരമായി പോലും ഇതിന്റെ ചർച്ച പോകുന്നതുകണ്ടു. അങ്ങനെയൊന്നുമില്ല.’’ ആസിഫ് വ്യക്തമാക്കി.

“ഞാൻ ഇന്ന് രാവിലെയാണ് അദ്ദേഹവുമായി ഫോണിൽ സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അതെന്നിൽ ഒരുപാട് വിഷമമുണ്ടാക്കി. പ്രായം വച്ചോ സീനിയോറിറ്റി വച്ചോ അദ്ദേഹം എന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ എത്തിച്ചു കാര്യങ്ങൾ. അദ്ദേഹം എന്നോട് അങ്ങനെയാണ് സംസാരിച്ചത്. അതിലൊക്കെ ഒരുപാട് വിഷമം എനിക്കുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അഭിമാനം തോന്നുന്ന നിമിഷമാണ് ഇന്നലെ ഉണ്ടായത്. ലോകത്തുള്ള എല്ലാ മലയാളികളും എന്നെ പിന്തുണച്ചു. പക്ഷേ അതിനൊപ്പം അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാംപെയ്ൻ ഉണ്ടാകുന്നതിൽ താൽപര്യമില്ല. അദ്ദേഹം മനഃപൂർവം ചെയ്തതല്ല, അങ്ങനെ ചെയ്യുന്ന ഒരാളുമല്ല. ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇനി വേറൊരു തലത്തിലേക്ക് ഇതിനെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുമില്ല.”

“എംടി സാറിന്റെ പിറന്നാൾ ആഘോഷം, സിനിമയുടെ ലോഞ്ചുമായിരുന്നു. അത്രയും വലിയ സദസ്സിൽ, അത്രയും വലിയ ആളുകളുടെ ഇടയിൽ ഇരിക്കുന്ന എല്ലാ ത്രില്ലിലുമാണ് ഞാൻ ഉണ്ടായിരുന്നത്. മാത്രമല്ല ഇതിനു മുമ്പ് അദ്ദേഹവുമായി ഒരു ഒരു പ്രശ്നമോ സംസാരമോ പോലും ഉണ്ടായിട്ടില്ല. ഇതൊരു ലൈവ് ഇവന്റാണ്. ഒരു ലൈവ് ഇവന്റ് ചെയ്യുമ്പോള്‍ സംഭവിക്കാൻ സാദ്ധ്യതയുള്ള തെറ്റ് മാത്രമാണ് അവിടെ നടന്നത്. ഒൻപത് സിനിമകളുടെ ലോഞ്ച് ആയിരുന്നു. അങ്ങനെ എല്ലാവരെയും വിളിക്കുന്നവരുടെ ഇടയിൽ ഒരു പിഴവുപറ്റി. എല്ലായിടത്തും അബദ്ധം സംഭവിക്കാറുണ്ട്, പലതിനും ശ്രദ്ധകിട്ടാറില്ല. ഇന്നലെ അതിനു കൂടുതൽ ശ്രദ്ധകിട്ടി എന്നു മാത്രം.  ഒരിക്കലും അദ്ദേഹത്തെപ്പോലൊരാൾ മനഃപൂർവം അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്നലെ ഒരുപാട് മാധ്യമങ്ങളിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു. ഈ സംഭവങ്ങളൊക്കെ മനസ്സിലാക്കാൻ ഒരു ദിവസമെടുത്തു. എല്ലാവരോടും എന്തു മറുപടി പറയണമെന്നും എനിക്ക് അറിയില്ലായിരുന്നു. ഫോൺ ഓഫ് ചെയ്ത് വച്ച് രാത്രിയാണ് ഓൺ ആക്കിയത്. മോനേ പ്ലീസ് കോള്‍ ബാക്ക് എന്നൊരു മെസേജ് അദ്ദേഹം അയച്ചിരുന്നു. ഞാൻ വിളിക്കുന്നത് പ്രതീക്ഷിച്ചാണ് അദ്ദേഹം ഫോൺ എടുത്തത്. എനിക്ക് നിന്നെയൊന്ന് കാണണം എന്ന് അദ്ദേഹം പറഞ്ഞു. ഭയങ്കര വിഷമത്തിലാണുള്ളതെന്ന് ഫോണിൽ കൂടി സംസാരിക്കുമ്പോൾ എനിക്ക് മനസ്സിലായി. അത്രയും സീനിയർ ആയിട്ടുള്ള പ്രായമായിട്ടുള്ള ഒരാൾ ഞാൻ കാരണം വിഷമിക്കാൻ പാടില്ല. അദ്ദേഹത്തിനെതിരെ ഒരു ഹേറ്റ് ക്യാംപെയ്ൻ നടക്കുന്നുണ്ടെങ്കിൽ അത് ഇതോടെ അവസാനിപ്പിക്കുക.” ആസിഫ് അലി പറഞ്ഞു.

രമേശ് നാരായണന് ഇനിയൊരിക്കൽ ഉപഹാരം നൽകേണ്ടി വന്നാൽ അത് വലിയ ഒരു അഭിമാനമായി കാണുമെന്നും ആസിഫ് അലി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്വർണ്ണപ്പാളി ശബരിമലയിൽ തിരിച്ചെത്തിച്ചു ; കോടതി അനുമതിയോടെ പുന:സ്ഥാപിക്കും, അത് വരെ സ്ട്രോങ്റൂമിൽ സൂക്ഷിക്കും

ശബരിമല : അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ഒരു...

‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളത്’: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാര ജേതാവ് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍...