കൽപ്പറ്റ : വയനാടിലെ മേപ്പാടി-ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ വായ്പാ കുടിശ്ശികകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു.
ദുരന്തബാധിതരായ 555 ഗുണഭോക്താക്കൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി എടുത്ത 1620 വായ്പകളിലെ കുടിശ്ശിക തുകയായ 18,75,69,037.90 രൂപയാണ് സർക്കാർ ഇത്തരത്തിൽ അടച്ചുതീർക്കുന്നത്. ഈ ബാദ്ധ്യത മുഴുവനായി സർക്കാർ ഏറ്റെടുക്കുന്നതിലൂടെ ദുരന്തം തകർത്തെറിഞ്ഞ കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസം നൽകാനാണ് ലക്ഷ്യമിടുന്നത്. ദുരന്തബാധിതരായി കണക്കാക്കപ്പെട്ടവരുടെ കടങ്ങൾ എഴുതി തള്ളുകയല്ലെന്നും സർക്കാർ ഏറ്റെടുക്കുകയാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം രൂപ ബാങ്കിന് സർക്കാർ തിരിച്ചുനൽകും.
