ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ (15) യുടെ മൃതദേഹം നാലാം ദിവസം കണ്ടെത്തി. 1500 അടിയോളം താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപുരം സ്വദേശികളായ രമേശിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദ കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു. പത്താംക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്ത് വെച്ച് കാണാതായത്.
വൈകുന്നേരം 5.20 വരെ ശ്രീനന്ദ മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയിൽ കുട്ടി പിറകിൽ നിൽക്കുന്നുണ്ട്. എന്നാൽ 5:35ന് എടുത്ത് ഫോട്ടോകളിൽ കുട്ടിയെ കാണാനില്ല. തുടർന്ന് പേട്ട പോലീസ് ഔട്ട്പോസ്റ്റിൽ വിവരം അറിയിച്ചു.
ഇന്ന് രാവിലെ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഡ്രോൺ കാമറകൾ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. എസ്ഡിആർഎഫ് സംഘവും ഒപ്പമുണ്ട്. അറുപതോളം പോലീസ് ഉദ്യോഗസ്ഥരും തിരച്ചിലിൽ പങ്കാളികളായിരുന്നു.
പ്രദേശത്ത് ശക്തമായ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കേരള പോലീസ് സംഘവും ഇവിടെ എത്തിയിരുന്നു.
