വാഷിംങ്ടൺ : പ്രമുഖ കൊമേഡിയൻ റോസി ഒ ഡോണലിന്റെ യുഎസ് പൗരത്വം റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
”റോസി ഒ’ഡോണൽ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമല്ലാത്തതിനാൽ, അവരുടെ പൗരത്വം പിൻവലിക്കുന്നതിനെക്കുറിച്ച് ഞാൻ ഗൗരവമായി ആലോചിക്കുന്നു.”– ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം, യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയനുസരിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ച ഏതൊരാൾക്കും പൗരത്വം ഉറപ്പുനൽകുന്നു. ഒ’ഡോണൽ ജനിച്ചതാകട്ടെ, ന്യൂയോർക്കിലെ കോമാക്കിലാണ്. അതിനാൽ തന്നെ യുഎസ് പ്രസിഡന്റിന് ഒരാളുടെ പൗരത്വം ഇത്തരത്തിൽ റദ്ദാക്കാൻ നിയമപരമായി ഒരു അധികാരമില്ല എന്നാണ് നിയമവിദഗ്ദർ പറയുന്നത്.
തന്റെ പൗരത്വം റദ്ദാക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് റോസി ഒ’ഡോണൽ തന്റെ ഉറ്റ സുഹൃത്ത് ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ഒരു ഫോട്ടോ കൂടി പങ്കുവെച്ചാണ് ഇൻസ്റ്റാഗ്രാമിലൂടെ മറുപടി നൽകുന്നത് – “ഹേ ഡൊണാൾഡ് – നിങ്ങൾ വീണ്ടും അസ്വസ്ഥനാണോ? 18 വർഷങ്ങൾക്ക് ശേഷവും ഞാൻ ഇപ്പോഴും നിങ്ങളുടെ തകർന്ന തലച്ചോറിൽ സ്വതന്ത്രമായി ജീവിക്കുന്നു. നിങ്ങൾ എന്നെ മനുഷ്യത്വത്തിന് ഭീഷണിയാണെന്ന് വിളിക്കുന്നു – പക്ഷേ നിങ്ങൾ ഭയപ്പെടുന്നതെല്ലാം ഞാൻ ആണ്: ഉച്ചത്തിലുള്ള സ്ത്രീ. ഒരു വിചിത്ര സ്ത്രീ. സത്യം പറയുന്ന ഒരു അമ്മ.” – ഇങ്ങനെ പോകുന്ന കുറിപ്പിൽ ഒ’ഡോണൽ ട്രംപിന്റെ ഭീഷണികളെ തള്ളിക്കളയുകയും ‘ഗെയിം ഓഫ് ത്രോൺസി’ലെ സാങ്കൽപ്പിക രാജാവായ കിങ് ജോഫ്രിയുമായി ട്രംപിനെ താരതമ്യവും ചെയ്യുന്നുണ്ട്.
