[ Photo Courtesy: Aarya’s Instagram ]
കൊച്ചി: നടി ആര്യയുടെ ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിൻ്റെ വ്യാജപതിപ്പ് നിർമ്മിച്ച് തട്ടിപ്പ്. നിരവധി പേർ തട്ടിപ്പിനിരയായി. തട്ടിപ്പിൽ പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്ന് ആര്യ പറഞ്ഞു. ശേഷം പോലീസിൽ പരാതി നൽകി. ബിഹാറിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.
15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. നിരവധിപേരാണ് തട്ടിപ്പിന് ഇരയായ കാര്യം ദിവസേന തന്നെ വിളിച്ച് പറയുന്നതെന്നും ആര്യ പറഞ്ഞു. കാഞ്ചീവരം എന്ന എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. പേജിലെ വിഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകൾ നിർമ്മിച്ചിട്ടുള്ളത്. ബന്ധപ്പെടാനായി വ്യാജ ഫോൺ നമ്പറും നൽകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് പലരും തട്ടിപ്പിൽ പെട്ട കാര്യം മനസ്സിലാക്കുന്നത്.