തിരുവനന്തപുരം : കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാന അദ്ധ്യാപകനേയും മറ്റ് ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ‘‘എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈന്‍? എച്ച്എമ്മിനും പ്രിൻസിപ്പലിനുമൊക്കെ എന്താണു ജോലി? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണ്ടേ. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്ക് നോക്കാന്‍ പറ്റില്ലല്ലോ. ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം വായിച്ചു നോക്കേണ്ടേ? ഒരു മകനാണു നഷ്ടപ്പെട്ടത്. അനാസ്ഥയുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കും.
സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് പല തവണ യോഗം ചേര്‍ന്ന് എല്ലാവരോടും സംസാരിച്ചതാണ്. ചെയ്യേണ്ട കാര്യങ്ങൾ ഉദ്യോഗസ്ഥരോടു പലതവണ പറഞ്ഞു. വൈദ്യുതിലൈൻ സ്‌കൂള്‍ വളപ്പില്‍ക്കൂടി പോകാന്‍ പാടില്ലെന്നതും അങ്ങനെയുണ്ടെങ്കിൽ നീക്കം ചെയ്യണമെന്നതും അതിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശമായിരുന്നു. കെഎസ്ഇബിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോടെയാണു സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പതിനാലായിരത്തോളം സ്‌കൂളുകള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്. വൈദ്യുതിലൈന്‍ ഷെഡിനോട് ചേര്‍ന്നാണു കിടക്കുന്നതെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ലൈന്‍ കെഎസ്ഇബിയെ കൊണ്ടു മാറ്റിക്കേണ്ട ഉത്തരവാദിത്തം പ്രധാന അദ്ധ്യാപകനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കുമാണ്. കെഎസ്ഇബിക്കും ഉത്തരവാദിത്തമുണ്ട്. പരിശോധിച്ച് വേണ്ട നടപടി എടുക്കും’’ – മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ മെയ് മാസം തന്നെ വൈദ്യുതി ലൈനിന്റെ അപകടാവസ്ഥ കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നും ലൈന്‍ മാറ്റാനുള്ള യാതൊരു നടപടിയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു. സംഭവത്തില്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ദാരുണമായ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതിലൈനില്‍ പിടിച്ചപ്പോഴാണ് അപകടം. വലിയപാടം മിഥുന്‍ ഭവനില്‍ മനോജ്-സുജി ദമ്പതികളുടെ മകനാണ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍. സുജിനാണ് സഹോദരന്‍.