കൊല്ലം : ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത മലയാളി യുവതി അതുല്യ (30) ഭർത്താവിൽ നിന്നും നേരിട്ടത് കൊടും ക്രൂരതകളായിരുന്നുവെന്ന് വിവരം. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വെളിവാക്കുന്നത്. അയാൾ തന്നെ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്നും പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നു.. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
സതീഷ് മദ്യത്തിനടിമയായിരുന്നുവെന്നും മദ്യപിച്ചുകഴിഞ്ഞാൽ അസാധാരണമായിട്ടാണ് പെരുമാറിയിരുന്നതെന്ന് തെളിയിക്കുന്നതാണ് സുഹൃത്തിനയച്ച ശബ്ദരേഖ. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ ഇനിയാവർത്തിക്കില്ലെന്ന് പറയുകയും തനിക്കാരുമില്ലെന്ന് പറഞ്ഞ് വൈകാരികമായി സംസാരിച്ച് സതീഷ് അതുല്യയെ പിടിച്ചുനിർത്തുകയായിരുന്നുവെന്നും
ശബ്ദസന്ദേശം വ്യക്തമാക്കുന്നു.
”അയാൾ കള്ളുകുടി നിർത്താൻ പോകുന്നില്ല. നിർത്തുവായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. കുഞ്ഞിന്റെ അടുത്ത് കുറച്ച് സമയം ചെലവഴിക്കുകയോ കളിപ്പിക്കുകയോ ഒന്നും ചെയ്യില്ല. അയാൾക്ക് അതൊന്നും അറിയില്ല. കുഞ്ഞുങ്ങളെ കൊഞ്ചിക്കാനോ ലാളിക്കാനോ അവരുടെ മനസിൽ കയറിപ്പറ്റാനോ അറിയില്ല. കുഞ്ഞിന്റെ മുന്നിൽ ഇരുന്നാ അയാള് കള്ള് കുടിക്കുന്നത്. അവൾക്ക് ഇഷ്ടമല്ലാത്തതും അതുകൊണ്ടാ.” സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിൽ അതുല്യ പറയുന്നു.
–
അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് അതുല്യയുടെ അമ്മയും ഉന്നയിക്കുന്നത്. .
മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും താന്‍ മരിക്കില്ലെന്ന് മകള്‍ തന്നെ മുന്‍പ് പറഞ്ഞിരുന്നുവെന്നും അതുല്യയുടെ മാതാവ് തുളസിഭായ്. സ്വയം മരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ മരിച്ചുവെന്ന് കേട്ടാല്‍ അത് അയാള്‍ എന്തെങ്കിലും ചെയ്തതാകുമെന്ന് കരുതിക്കൊള്ളണമെന്നും മകള്‍ ഈയടുത്ത് തന്നോട് പറഞ്ഞതായി മാതാവ് വ്യക്തമാക്കി. സതീഷ് ഉപദ്രവിക്കുന്നുവെന്ന് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു. തലയ്ക്കും നാഭിയ്ക്കുമാണ് മര്‍ദ്ദിക്കാറുള്ളതെന്നും അങ്ങനെ മകളെ കൊലപ്പെടുത്തിയതാകുമെന്ന് കരുതുന്നുവെന്നും തുളസിഭായ് ആരോപിച്ചു.
കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ ഓര്‍ത്താണ് എല്ലാം സഹിക്കുന്നതെന്ന് അതുല്യ തന്നോട് പറഞ്ഞതായി മാതാവ് പറയുന്നു. എന്നാല്‍ എന്തിനിനിയും സഹിക്കണമെന്ന് താന്‍ മകളോട് ചോദിച്ചിരുന്നുവെന്നും തിരിച്ച് പോരാന്‍ മകള്‍ക്ക് ധൈര്യം കൊടുത്തിരുന്നുവെന്നും മാതാവ് പറഞ്ഞു. അതുല്യയുടെ മരണത്തിന് തൊട്ടുമുന്‍പും മകളോട് സംസാരിച്ചിരുന്നു. ഷാര്‍ജയില്‍ തന്നെയുള്ള സഹോദരിയുടെ വീട്ടില്‍പ്പോയ വിശേഷങ്ങള്‍ പറഞ്ഞ് ചിരിച്ചുവെന്നും അന്ന് മകള്‍ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. നാളെ മുതല്‍ താന്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയാണെന്ന് മകള്‍ സന്തോഷത്തോടെ അറിയിച്ചതായും അമ്മ കൂട്ടിച്ചേര്‍ത്തു
.
ദുബൈയിലുള്ള കെട്ടിട നിര്‍മ്മാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുന്‍പാണ് സതീഷ് അതുല്യയെ ഷാര്‍ജയില്‍ കൊണ്ടുവന്നത്. നേരത്തെ ഇവര്‍ ദുബൈയിലായിരുന്നു താമസിച്ചിരുന്നത്. ഷാര്‍ജ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുവരും. അതേസമയം അതുല്യയുടെ മരണത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.