കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ ഭർത്താവ് സതീഷ് ശങ്കർ സംശയ രോഗിയായിരുന്നെന്നും പുരുഷൻമാരോടും സ്ത്രീകളോടും സംസാരിക്കാൻ അതുല്യയെ അനുവദിച്ചിരുന്നില്ലെന്നും ആരോപിച്ച് കുടുംബം. സ്ത്രീകളെ തന്റെ അടിമയായാണ് സതീഷ് കണ്ടിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം, അതുല്യയുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കുമെന്നാണ് വിവരം. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സതീഷിനെതിരെ ഷാർജയിൽ നിയമ നടപടികളിലേക്ക് കടക്കാനാണ് ബന്ധുക്കളുടെ നീക്കം.
ഭർത്താവിൽനിന്നുള്ള പീഡനത്തെക്കുറിച്ച് അതുല്യ തന്നോട് തുറന്നു പറഞ്ഞിരുന്നതായി സുഹൃത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സൈക്കോയെപ്പോലെയാണ് സതീഷിന്റെ പെരുമാറ്റമെന്നും മദ്യം കഴിച്ചാൽ പിന്നെ പെരുമാറ്റം മാറുമെന്നും അതുല്യ പറഞ്ഞിട്ടുണ്ടെന്നും ശാരീരകമായും മാനസികമായും ഇയാൾ അതുല്യയെ പീഡിപ്പിച്ചിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു
സതീഷ് ജോലിക്ക് പോകുമ്പോള്‍ അതുല്യയെ ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടാണ് പോകുന്നത്. ഓഫീസിൽ നിന്ന് തിരിച്ചെത്തുമ്പോഴാണ് കതക് തുറക്കാറുള്ളത്. ഓരോ തവണയും പ്രശ്നമുണ്ടാകുകയും പിന്നീട് മാപ്പുപറയുകയും ചെയ്യുന്നതായിരുന്നു പതിവ്. നാട്ടിലുള്ള മകളെയും ഷാര്‍ജയിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞ് അതുല്യയെ ബുദ്ധിമുട്ടിക്കുമായിരുന്നു. അച്ഛനെ മകൾക്ക് പേടിയായതിനാലാണ് അതുല്യ നാട്ടിലെ മാതാപിതാക്കൾക്കൊപ്പം മകളെ താമസിപ്പിച്ചിരുന്നതെന്നും സുഹൃത്ത് പറഞ്ഞു.
അതുല്യയെ ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ ശനിയാഴ്ചയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ക്രൂര പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് അതുല്യയുടെ കുടുംബം ആരോപിക്കുന്നത്. മരിക്കുന്നതിന് മുൻപ് അതുല്യ ഭർത്താവിൽനിന്നും ഏൽക്കേണ്ടി വന്ന ക്രൂര പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും കുടുംബത്തിന് അയച്ചു നൽകിയിരുന്നു. സതീഷിനെതിരെ അതുല്യയുടെ കുടുംബം ചവറ തെക്കുംഭാഗം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിലും കൊടും പീഢനത്തിൻ്റെ വെളിപ്പെടുത്തലുകളുണ്ട്.