ബംഗളൂരു : കർണാടകയിൽ മൈസൂർ കെആർ നഗറിലെ വീട്ടുജോലിക്കാരി നൽകിയ ബലാത്സംഗ കേസിൽ മുൻ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി. ശനിയാഴ്ച കോടതി ശിക്ഷ പ്രഖ്യാപിക്കും. കോടതി മുറിയിൽ , വിധിന്യായത്തിന് ശേഷം കോടതി മുറിയിൽ വികാരാധീനനായി കാണപ്പെട്ട രേവണ്ണ പൊട്ടിക്കരഞ്ഞു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) സൈബർ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, രേവണ്ണ സ്ത്രീയെ രണ്ടുതവണ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തതായി കണ്ടെത്തിയാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
അന്വേഷണത്തിന്റെയും വിചാരണയുടെയും സമയത്ത് അതിജീവിത അവർ സൂക്ഷിച്ചിരുന്ന ഒരു സാരി ഭൗതിക തെളിവായി സമർപ്പിച്ചിരുന്നു. ഫോറൻസിക് വിശകലനത്തിൽ സാരിയിൽ ബീജത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത് ബലാത്സംഗം സ്ഥാപിക്കുന്നതിനുള്ള പ്രധാന തെളിവായി കോടതി അംഗീകരിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകളും 2008 ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ടും പ്രകാരമാണ് കേസ് ഫയൽ ചെയ്തത്. ഇൻസ്പെക്ടർ ശോഭയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണത്തിനിടെ 123 തെളിവുകൾ ശേഖരിക്കുകയും ഏകദേശം 2,000 പേജുകളുള്ള ഒരു വലിയ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
2024 ഡിസംബർ 31-ന് വിചാരണ ആരംഭിച്ചു. അടുത്ത ഏഴ് മാസത്തിനുള്ളിൽ, കോടതി 23 സാക്ഷികളെ വിസ്തരിക്കുകയും വീഡിയോ ക്ലിപ്പുകളുടെ പ്രധാന ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നുള്ള സ്‌പോട്ട് ഇൻസ്‌പെക്ഷൻ റിപ്പോർട്ടുകളും പരിശോധിക്കുകയും ചെയ്തു.
