ആലപ്പുഴ : റേഷൻ നിയന്ത്രണത്തിന് ഉത്തരവാദി താനല്ലെന്നും റേഷൻ പൊതുവിതരണത്തിനു നിയന്ത്രണം കൊണ്ടുവന്നത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി ജി.ആർ. അനിൽ. നാലര വർഷമായി നടത്തുന്ന യുദ്ധം ചെറുതല്ല. ഓണത്തിന് 5 കിലോ അരി അധികമായി നൽകണമെന്ന് ആവശ്യപ്പെട്ടിട്ട് കേന്ദ്രം അനുവദിച്ചില്ല. അധികം അരി തരില്ലെന്ന് കേന്ദ്രമന്ത്രി മുഖത്തു നോക്കി പറഞ്ഞു.
കുംഭമേളയ്ക്ക് അധികം ഭക്ഷ്യധാന്യം നൽകി. ഓരോഘട്ടത്തിലും ഭീഷണിയാണ്, സംസ്ഥാനം അതിനെ നേരിടും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ വെളിച്ചെണ്ണ എത്തി. 349 രൂപയ്ക്ക് ഒരു ലീറ്റർ വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകുന്നുണ്ട്. വെളിച്ചെണ്ണ വില ഓണത്തിനു മുൻപു വീണ്ടും കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
1109 കോടി രൂപയാണ് നെല്ലുസംഭരണത്തിൽ കേന്ദ്രം നൽകാനുള്ളത്. 1703 കോടിയാണ് കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില. ഒരു രൂപ കേന്ദ്രം തന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈകോ സംഭരണ ഏജൻസി മാത്രമാണ്.
റേഷൻ വ്യാപാരികളുടെ വേതന പരിഷ്ക്കരണം നടപ്പാക്കും. അർഹതയുടെ പരമാവധി ലഭ്യമാക്കും. റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയും ആക്കും. റേഷൻ വ്യാപാരികളുടെ പ്രായപരിധി 70 വയസ്സ് ആക്കാനുള്ള നിർദ്ദേശം തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. സംഭരിച്ച നെല്ലുവില ഓണത്തിന് മുൻപ് കൊടുത്തു തീർക്കുമെന്നും മന്ത്രി അനിൽ പറഞ്ഞു.