തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണമെന്ന ആവശ്യം നേതൃത്വത്തെ അറിയിച്ച് രമേശ് ചെന്നിത്തല. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാദ്ധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
രാഹുല്‍ രാജിവെയ്ക്കാത്ത പക്ഷം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ അത് ദോഷകരമായി ബാധിക്കും. പരാതി എന്ന സാങ്കേതികത്വത്തില്‍ നിന്നുകൊണ്ട് രാജി വാങ്ങാതിരുന്നാൽ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് ചെന്നിത്തല രാജി ആവശ്യപ്പെടണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്.
കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വിഡി സതീശനും കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവെയ്ക്കണമെന്ന നിലപാടുമായി കൂടുതൽ യൂത്ത് – വനിതാ നേതാക്കളും പരസ്യമായി രംഗത്തെത്തുമെന്നാണ് സൂചന