തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ നടി റോമ കോടതിയിൽ. സാക്ഷിയായി എത്തി മൊഴി നൽകാനാണ് റോമ തിരുവനന്തപുരം എസിജെഎം കോടതിയിലെത്തിയത്. ശബരിനാഥിൻ്റെ മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു. ജനങ്ങളിൽ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആൽബം നിർമ്മിച്ചത്. ആൽബത്തിൽ ശബരീനാഥും അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് തന്റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നൽകിയത് കൊണ്ടാണ് താൻ അഭിനയിച്ചതെന്ന് റോമ കോടതി വിസ്താരത്തിൽ വ്യക്തമാക്കി. അതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്ന് നടി കോടതിയിൽ മൊഴി നൽകി.
നിലവിൽ ഒമ്പത് കേസുകളിൽ വിചാരണ നേരിടുന്ന
കേസിലെ മുഖ്യ പ്രതി ശബരീനാഥ് ഒരു അഭിഭാഷകനെ പറ്റിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും വഞ്ചിയൂർ പോലീസ് ഇന്ന് റജിസ്ട്രർ ചെയ്തു. ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ പണം വാങ്ങി പറ്റിച്ചെന്നതാണ് പരാതി. അഭിഭാഷകനായ സഞ്ജയ് വർമ എന്നായാളാണ് പരാതി നൽകിയത്. ഓൺലൈൻ ട്രേഡിങിനായി തന്റെ കൈയിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. കോടതിയിൽ വിചാരണയ്ക്ക് വരുമ്പോഴാണ് ശബരീനാഥും സഞ്ജയ് വർമയും പരിചയത്തിലാകുന്നത്. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് ശബരീനാഥ് അഭിഭാഷകനിൽ നിന്നും പണം തട്ടിയത്. പലരിൽ നിന്നായാണ് അഭിഭാഷകൻ 34 ലക്ഷം രൂപ സ്വരൂപിച്ചത്. അതാണ് ശബരിനാഥ് തട്ടിയെടുത്തതെന്ന അഭിഭാഷകൻ്റെ പരാതിയിലാണ് വഞ്ചിയൂർ പോലീസ് കേസ് റജിസ്ട്രർ ചെയ്തിട്ടുള്ളത്