ബെയ്ജിങ് : റഷ്യയുമായി വ്യാപാരം, വളം, ബഹിരാകാശം, സുരക്ഷ, സംസ്ക്കാരം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം ആഴത്തിലാക്കാനുള്ള വഴികൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിയാൻജിനിൽ നടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി മികച്ച ഒരു കൂടിക്കാഴ്ച നടത്തിയ വിവരം എക്സിലൂടെയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.
“ഉക്രെയ്‌നിലെ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരം ഉൾപ്പെടെ, പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ച് ഞങ്ങൾ കാഴ്ചപ്പാടുകൾ കൈമാറി. നമ്മുടെ പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം പ്രാദേശിക, ആഗോള സ്ഥിരതയുടെ ഒരു സുപ്രധാന സ്തംഭമായി തുടരുന്നു. ” – പുടിനുമായി 40 മിനുട്ട് നീണ്ടു നിന്ന ചർച്ചയുടെ വിശദാംശങ്ങൾ അദ്ദേഹം എക്സിൽ കുറിച്ചു.
ഉഭയകക്ഷി ചർച്ചയ്ക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പ്രിയ സുഹൃത്ത്’ എന്ന് അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചലനാത്മകമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് പുടിൻ പറഞ്ഞതായി ക്രെംലിൻ വീഡിയോ ദൃശ്യങ്ങളിൽ കാണാം. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയും റഷ്യയും പരസ്പരം തോളോട് തോൾ ചേർന്ന് നിന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം ലോക സമാധാനത്തിനും സ്ഥിരതയ്ക്കും നിർണ്ണായകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സന്തോഷം രേഖപ്പെടുത്തി.ആഗോള സൗത്ത്, കിഴക്കൻ രാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള വേദിയാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) എന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഇന്ത്യ-റഷ്യ പ്രത്യേകവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ 15-ാം വാർഷികം വരാനിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യ-യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് താൻ നിരന്തരം ചർച്ച ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അടുത്തിടെയുള്ള എല്ലാ സമാധാന ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും എല്ലാ കക്ഷികളും ക്രിയാത്മകമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.
എത്രയും വേഗം സംഘർഷം അവസാനിപ്പിച്ച് ശാശ്വത സമാധാനം സ്ഥാപിക്കാൻ ഒരു വഴി കണ്ടെത്തണം. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.