2025 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാൻ ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ, വിജയികള്‍ക്കുള്ള പ്രൈസ് മണിയിൽ നാലിരട്ടി വർദ്ധനവ് വരുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഈ മാസം 30 മുതല്‍ നവംബര്‍ രണ്ട് വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിത ഏകദിന ലോകകപ്പ് മുതൽ വിജയികള്‍ക്ക് ഈ വമ്പന്‍ സമ്മാനത്തുകയായിരിക്കും ലഭിക്കുക.
എട്ട് ടീമുകൾ പങ്കെടുക്കുന്ന മാർക്വീ ടൂർണമെന്റിലെ ആകെ സമ്മാനത്തുക 13.88 മില്യൺ ഡോളറാണ് (യുഎസ് ഡോളർ) – 2022 ൽ ന്യൂസിലൻഡിൽ നടന്ന അവസാന പതിപ്പിലെ 3.5 മില്യൺ ഡോളറിൽ നിന്ന് 297 ശതമാനം വർദ്ധനവ് !
2022-ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ലോകകപ്പിന്റെ സമ്മാനത്തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പ്രൈസ് മണി ശരിക്കും അത്ഭുതപ്പെടുത്തും. പതിമൂന്നാം വനിതാ ക്രിക്കറ്റ് ലോകകപ്പിലെ വിജയികൾക്ക് 4.48 മില്യൺ ഡോളർ ( 39,42,14,240.00 രൂപ) സമ്മാനത്തുക ലഭിക്കും – 2022 ൽ ഓസ്‌ട്രേലിയയ്ക്ക് ലഭിച്ച 1.32 മില്യൺ ഡോളറിൽ (11,61,58,633.93 രൂപ) നിന്ന് 239 ശതമാനം വർദ്ധന.
അതേസമയം, റണ്ണേഴ്‌സ് അപ്പിന് 2.24 മില്യൺ ഡോളർ ലഭിക്കും. മൂന്ന് വർഷം മുമ്പ് ഇംഗ്ലണ്ട് നേടിയ 600,000 ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ 273 ശതമാനം വർദ്ധന. സെമിഫൈനലിൽ തോറ്റ രണ്ട് ടീമുകൾക്കും 1.12 മില്യൺ ഡോളർ (2022 ൽ 300,000 ഡോളറിൽ നിന്ന്) ലഭിക്കും.