തിരുവനന്തപുരം: ഓണക്കാല വിൽപ്പനയിൽ റെക്കോഡ് നേട്ടവുമായി സപ്ലൈകോ. തിങ്കളാഴ്ചവരെയുള്ള കണക്കനുസരിച്ച് 319.3 കോടി രൂപയാണ് വിറ്റുവരവെന്ന് പത്രസമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. വെളിച്ചെണ്ണ വിലവർദ്ധനയിൽ സപ്ലൈകോയ്ക്ക് ഫലപ്രദമായി ഇടപെടാനായി. 457 രൂപ വിലയുള്ള കേരവെളിച്ചെണ്ണ ആവശ്യാനുസരണം നൽകി. ഓഗസ്റ്റ് 25 മുതൽ വില 429 രൂപയായി കുറച്ചു.
സപ്ലൈകോ ബ്രാൻഡായ ശബരിയുടെ ഒരുലിറ്റർ സബ്‌സിഡി വെളിച്ചെണ്ണ 349 രൂപയായിരുന്നത് 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽനിന്ന് 389 രൂപയായും കുറച്ചു. വില ഇനിയും കുറയ്ക്കും. ഒരു ബില്ലിന് ഒരുലിറ്റർ കേര വെളിച്ചെണ്ണ എന്ന നിബന്ധനയിൽ മാറ്റംവരുത്തിയതായും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം, സംസ്ഥാനത്തെ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് ഉള്ള സൗജന്യ ഓണക്കിറ്റ് വിതരണവും ആരംഭിച്ചു. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഇക്കുറി ഓണത്തിന് 14 ഇനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് നല്‍കുന്നത്. സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ക്ഷേമാശുപത്രികള്‍, മാനസീകാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയിലെ അന്തേവാസികള്‍ക്ക് 4 പേർക്ക് ഒരു കിറ്റ് എന്ന ക്രമത്തില്‍ നല്‍കാനാണ് തീരുമാനമെടുത്തിരുന്നത്. ഇതിനു പുറമെ ചെങ്ങറ സമര ഭൂമിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കൂടി കിറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആകെ 6,14,217 കിറ്റുകളാണ് വിതരണം ചെയ്യുക.