(Photo Courtesy : NCB/X)
ചെന്നൈ : ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സ്വദേശികളായ രണ്ട് പേർ പിടിയിൽ. ചെന്നൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 5.618 കിലോഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര തലത്തിൽ ഇതിൻ്റെ മൂല്യം ഏകദേശം 60 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു. ആഡിസ് അബാബയിൽ നിന്നുള്ള എത്യോപ്യൻ എയർലൈൻസ് വിമാനത്തിലാണ് മയക്കുമരുന്ന് കടത്തിയത്. ഈ ഓപ്പറേഷനിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ എൻസിബി അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ ഒരാൾ ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ നിന്നുള്ള 25 വയസ്സുള്ള ബിഎ ബിരുദധാരിയാണ്. മറ്റൊരാൾ ഹിമാചൽ പ്രദേശിലെ ചമ്പയിൽ നിന്നുള്ള ഐടിഐ പാസായ 26 കാരനാണ്. പ്രതികൾ ഇരുവരും ലഗേജിൽ ഒളിപ്പിച്ചാണ് നിരോധിത കൊക്കെയ്ൻ കടത്തുന്നത്. പിടിച്ചെടുത്ത കൊക്കെയ്ൻ ഉയർന്ന ഗ്രേഡിലുള്ളതാണെന്നും ഒരു ഗ്രാം വീതമുള്ള പാക്കറ്റുകളിലാക്കിയാണ് ഇത് വിൽക്കുന്നതെന്നും എൻസിബി പറഞ്ഞു. ഇന്ത്യയിൽ ഗ്രാമിന് 8,000 മുതൽ 12,000 രൂപ വരെയാണ് ഇതിന്റെ വില.